ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിൽപ്പെട്ട് 41 പേർ മരിച്ച കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. പരിപാടിക്ക് അനുമതി തേടി പൊലീസിൽ അപേക്ഷ നൽകിയത് ഇയാളാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിന്ഡിഗലിനടുത്ത് ഒളിവ് കഴിയുന്നതിനിടെ മതിയഴകനെ പിടികൂടുകയായിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റ് ചെയ്തിരിക്കുന്നത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും അന്വേഷണസംഘം ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
അതേസമയം, സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്. എെ.ആറിൽ നടൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിപ്പിച്ചുവെന്ന് എഫ്. എെ.ആറിൽ ആരോപിക്കുന്നു. നിബന്ധനകൾ പാലിക്കാതെ സ്വീകരണപരിപാടികൾ നടത്തിയെന്നും, ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്. എെ.ആറിൽ പരാമർശിച്ചിട്ടുണ്ട്.
“വിജയ് നാല് മണിക്കൂർ മനഃപൂർവം വൈകിപ്പിച്ചു. ഇതാണ് ആളുകൾ തടിച്ചുകൂടാനുള്ള കാരണം. മണിക്കൂറുകൾ കാത്തിരുന്നവർ തളർന്ന് വീഴുകയായിരുന്നു. പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ല” – എഫ്. എെ.ആറിൽ പറയുന്നു. പരിപാടിക്കിടെ ബോധരഹിതരായി 11 പേർ സംഭവസ്ഥലത്ത് മരിച്ചു. പൊതുജനങ്ങൾക്ക് ബോധക്ഷയവും ശ്വാസതടസ്സും ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, വിജയ് കടുത്ത മാനസികസംഘർഷത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വിജയ് അസുഖബാധിതനാണെന്നും, രോഗം ഉടൻ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമർ പ്രസാദ് ആശംസിച്ചു. ഇതിനിടെ, രാഹുൽ ഗാന്ധി വിജയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ടിവികെ റാലിയിലെ മരണത്തിൽ അനുശോചനം അറിയിച്ചെന്നും, രാഷ്ട്രീയലക്ഷ്യമില്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. പണയൂരിലെ വീട്ടിൽ നിന്ന് ടിവികെയുടെ രണ്ടാമത്തെ ഓഫീസ് പ്രവർത്തിക്കുന്ന പട്ടണംപാക്കത്തെ വീട്ടിലേക്ക് നടൻ ചൊവ്വാഴ്ച രാവിലെ താമസം മാറ്റിയിരുന്നു.