ന്യൂദൽഹി: പോക്സോ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ ഒരാൾക്ക് കേസിന്റെ സവിശേഷമായ സഹചര്യം കണക്കിലെടുത്ത് ശിക്ഷ വിധിക്കുന്നില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള കോടതിയുടെ അധികാരങ്ങൾ വഴിയാണ് ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ തീരുമാനം എടുത്തത്. കുറ്റകൃത്യം നടന്ന സമയത്ത് 24 വയസ്സുള്ള ആൾ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് ഇതേ പെൺകുട്ടിയെ ഇയാൾ വിവാഹം ചെയ്യുകയും ഒരുമിച്ച് ജീവിക്കയും ചെയ്യുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു കുട്ടിയും പിറന്നു.
ഇരയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളും വൈകാരിക ക്ഷേമവും പരിശോധിക്കാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റും സാമൂഹിക ശാസ്ത്രജ്ഞനും ഉൾപ്പെടെയുള്ള വിദഗ്ധരുടെ ഒരു സമിതി രൂപീകരിച്ചു. ഇവരുടെ കണ്ടെത്തലുകളാണ് നിർണായക തീരുമാനത്തിലെത്താൻ കോടതി അവലംബിച്ചത്. “സമൂഹം അവളെ വിധിച്ചു, നിയമവ്യവസ്ഥ അവളെ പരാജയപ്പെടുത്തി, അവളുടെ സ്വന്തം കുടുംബം അവളെ ഉപേക്ഷിച്ചു,” സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ഇപ്പോൾ പ്രായപൂർത്തിയായ ഇര സംഭവത്തെ ഒരു കുറ്റകൃത്യമായി കണ്ടിട്ടില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. നിയമത്തിൽ കുറ്റകൃത്യമായി ഈ സംഭവത്തെ കാണുന്നുണ്ടെങ്കിലും, ഇര അതിനെ ഒരു കുറ്റകൃത്യമായി അംഗീകരിച്ചില്ല. നിയമപരമായ കുറ്റകൃത്യമല്ല, മറിച്ച് തുടർന്നുണ്ടായ അനന്തരഫലങ്ങളാണ് അവൾക്ക് ആഘാതമുണ്ടാക്കിയത്. അതിന്റെ ഫലമായി അവൾക്ക് നേരിടേണ്ടി വന്നത് പോലീസും നിയമവ്യവസ്ഥയും പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷിക്കാനുള്ള നിരന്തരമായ പോരാട്ടവുമായിരുന്നു. ഈ കേസിന്റെ വസ്തുതകൾ എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നതാണെന്നും കോടതി കണ്ടെത്തി. പ്രതിയോടും അവരുടെ നിലവിലെ കുടുംബജീവിതത്തോടുമുള്ള ഇരയുടെ വൈകാരിക അടുപ്പം ഉൾപ്പെടെയുള്ള അസാധാരണമായ സാഹചര്യങ്ങൾ, പൂർണ്ണ നീതി നൽകുന്നതിന് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
2023-ൽ ഈ കേസിൽ പ്രതിയെ കുറ്റമുക്തനാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ വിവാദപരമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് കേസ് ആദ്യം സുപ്രീം കോടതിയിലെത്തിയത്. കൗമാരക്കാരായ പെൺകുട്ടികളെയും അവരുടെ ധാർമ്മിക ബാധ്യതകളെയും കുറിച്ച് വ്യാപകമായ പരാമർശങ്ങൾ നടത്തിയ ഹൈക്കോടതി പ്രതിയുടെ 20 വർഷത്തെ തടവ് റദ്ദാക്കിയിരുന്നു. ഒരു കൗമാരക്കാരിയായ പെൺകുട്ടി “ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണം” എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ വ്യാപകമായ വിമർശനത്തിന് കാരണമായിരുന്നു. 2024 ഓഗസ്റ്റ് 20-ന്, സുപ്രീം കോടതി കൽക്കട്ട ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും ചെയ്തു.