ന്യൂഡൽഹി– കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ ശരിവെച്ച് സി.പി.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ താൻ പാലമായി പ്രവർത്തിച്ചുവെന്ന് കേന്ദ്രമന്ത്രി രാജ്യസഭയിൽ പറഞ്ഞത് സത്യമാണെന്ന് ബ്രിട്ടാസ് വ്യക്തമാക്കി. താൻ പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും, ഈ കൂടിക്കാഴ്ചകൾ കേരളത്തിനുവേണ്ടിയാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് താൻ കേന്ദ്രമന്ത്രിയുടെ അടുത്ത് പോയെന്ന വെളിപ്പെടുത്തലിൽ സന്തോഷമുണ്ടെന്നും ബ്രിട്ടാസ് അറിയിച്ചു. എങ്കിലും, പി.എം. ശ്രീ കരാർ ഒപ്പിടുന്നതിൽ താൻ മധ്യസ്ഥം വഹിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്‍റെ നിലപാടാണ് പദ്ധതി അംഗീകരിക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങളുടെ നില ദുർബലമാക്കുന്നത് എന്ന് മന്ത്രി പറഞ്ഞെന്നും ബ്രിട്ടാസ് വ്യക്തമാക്കി. കോൺഗ്രസ് സംസ്ഥാനങ്ങൾ യഥേഷ്ടം ഫണ്ട് വാങ്ങിയിട്ട് കേരളത്തെ അവഗണിക്കുകയാണ്. പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകില്ല എന്ന നിലപാടിൽ മാറ്റമുണ്ടാകില്ല എന്ന സൂചനയാണ് കേന്ദ്രമന്ത്രി നൽകിയത്. പി.എം. ശ്രീ പദ്ധതിയിലെ ഫണ്ട് ലഭിക്കാത്തത് കേരളത്തിന് വലിയ നഷ്ടമാണ് എന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.



