പട്‌ന: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം മുക്തമാകും മുമ്പ് തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിഹാറിലെത്തി. ഭീകരാക്രമണത്തെ തുടർന്ന് കേന്ദ്ര സർക്കാർ എല്ലാ പാർട്ടികളേയും ഉൾപ്പെടുത്തി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തില്ല. ഏതാനും മാസങ്ങൾക്കുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപി സഖ്യത്തിന്റെ പ്രധാന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോഡി മധുബനിയിലെത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപി സഖ്യകക്ഷി നേതാക്കളും പങ്കെടുത്ത പരിപാടിയില്‍ മോദി നടത്തിയ പ്രസംഗത്തില്‍ പ്രധാനമായും പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചാണ് സംസാരിച്ചത്. പഹൽഗാം സംഭവത്തെ തുടർന്ന് സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി തിരക്കിട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടി ആയിരുന്നു ബിഹാറിലേത്.
പഹൽഗാം സംഭവം വോട്ടിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതിനെതിരെ പ്രതികരണവുമായി കോൺഗ്രസും രാഷ്ട്രീയ ജനതാദളും രംഗത്തെത്തി. രാജ്യം ദുഃഖമാചരിക്കുമ്പോൾ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിൽ ഔചിത്യമില്ലെന്ന് ബിഹാർ കോൺഗ്രസ് പ്രതികരിച്ചു.
പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ ഭീകരനേയും അവരെ പിന്താങ്ങുന്നവരേയും കണ്ടെത്തി ശിക്ഷിക്കുമെന്ന് മോഡി പറഞ്ഞു. ‘ബിഹാറിന്റെ മണ്ണില്‍ നിന്ന് കൊണ്ട് ലോകത്തോട് ഞാന്‍ പറയുകയാണ്, എല്ലാ ഭീകരരേയും കണ്ടെത്തി പിന്തുടര്‍ന്ന് ശിക്ഷിക്കും. ഭൂമിയുടെ ഏതറ്റംവരെ പോയാലും അവരെ പിടികൂടും. ഭീകരത കൊണ്ട് ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാനാവില്ല,’ മോഡി പറഞ്ഞു. ഹിന്ദിയിലുള്ള പ്രസംഗത്തിനിടെ ഇംഗ്ലീഷിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ആ രാജ്യത്തിനെതിരെ സ്വീകരിച്ച നടപടികളും മോഡി എടുത്തു പറഞ്ഞു. വരും ദിവസങ്ങളില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന സൂചന നല്‍കുന്നതായിരുന്നു മോഡിയുടെ വാക്കുകള്‍.
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആയിരുന്നെങ്കിലും പഹല്‍ഗാം ആയിരുന്നു മോഡിയുടെ വിഷയം. ഭീകരര്‍ കൊലപ്പെടുത്തവരുടെ ബന്ധുക്കള്‍ക്കൊപ്പം രാജ്യം ഒന്നടങ്കം പിന്തുണയുമായി ഉണ്ടെന്നും എല്ലാ കുടുംബാംഗങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശിക്ഷ അവര്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.