മുംബൈ: തെലുങ്ക് ടെലിവിഷൻ പരമ്പരയായ ‘ത്രിനയനി’യിലെ തിലോത്തമയുടെ വേഷം അവതരിപ്പിച്ച നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഉണ്ടായ കാർ അപകടത്തിലാണ് മരണം സംഭവിച്ചത്.
കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഹൈദരാബാദിൽനിന്ന് വനപർത്തിയിലേക്ക് വരികയായിരുന്ന ബസ് കാറിൻ്റെ വലതുവശത്ത് ഇടിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. സംഭവത്തിൽ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
നടിയുടെ വിയോഗത്തിൽ നടൻ സമീപ് ആചാര്യ അനുശോചിച്ചു. “നിങ്ങൾ ഇനി ഇല്ലെന്ന വാർത്ത കേട്ടാണ് ഉണർന്നത്. ഇത് അവിശ്വസനീയമാണ്. എൻ്റെ ആദ്യത്തെ സ്ക്രീനിലെ അമ്മ, നിങ്ങൾ എല്ലായ്പ്പോഴും സ്പെഷ്യൽ ആയിരിക്കും എന്നാണ് നടൻ എഴുതിയത്.