ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോ വിമാനം (6E2142) കനത്ത കൊടുങ്കാറ്റിൽ അകപ്പെട്ട് ശക്തമായ ആകാശചുഴിയിൽപ്പെട്ടു. 227 യാത്രക്കാരുമായി പറന്ന വിമാനം കുലുങ്ങിയതോടെ യാത്രക്കാർ ഭയന്ന് കരയുകയും നിലവിളിക്കുകയും ചെയ്തു.
ശക്തമായ ആലിപ്പഴ വർഷവും കൊടുങ്കാറ്റും വിമാനത്തിന്റെ മുൻഭാഗത്തിന് (നോസ്) കേടുപാടുകൾ വരുത്തി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പൈലറ്റ് ശ്രീനഗറിലെ എയർ ട്രാഫിക് കൺട്രോളിനെ (ATC) അടിയന്തര ലാൻഡിങിനായി ബന്ധപ്പെട്ടു. വിമാനം വൈകിട്ട് 6.30ന് ശ്രീനഗറിൽ സുരക്ഷിതമായി ഇറക്കി.
“ഡൽഹി-ശ്രീനഗർ റൂട്ടിൽ പറന്ന ഇൻഡിഗോ വിമാനം അപ്രതീക്ഷിത കൊടുങ്കാറ്റിൽപ്പെട്ടു. വിമാന ജീവനക്കാർ നിഷ്കർഷിച്ച നടപടിക്രമങ്ങൾ പാലിച്ച് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു,” ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
വിമാനം കുലുങ്ങിയപ്പോൾ യാത്രക്കാർ ഭയന്ന് കരഞ്ഞതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. “തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ക്യാപ്റ്റന്റെയും ക്യാബിൻ ക്രൂവിന്റെയും സമയോചിതമായ ഇടപെടലിന് നന്ദി,” എന്ന് യാത്രക്കാർ എക്സിൽ കുറിച്ചു.