ന്യൂദൽഹി- തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖത്തേറ്റ ശക്തമായ അടിയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ്. മോഡിയുടെ അജണ്ടയും ക്യാംപയിനും ഇന്ത്യയിലെ ജനങ്ങൾ സ്വീകരിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദ വയറിന് വേണ്ടി കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ ഭർത്താവ് കൂടിയായ സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനും രാഷ്ട്രീയ നിരൂപകനുമായ പരകല പ്രഭാകർ ഇക്കാര്യം വ്യക്തമാക്കിയത്.
ബാഹുബലിയെ പോലെയുള്ള കഥാപാത്രമാണ് മോഡിയെന്നും അദ്ദേഹം പരഞ്ഞു. നരേന്ദ്രമോദി ചെയ്യുന്നതിനെയും അദ്ദേഹത്തിൻ്റെ അജണ്ടയെയും അദ്ദേഹം സർക്കാറിനെ നയിക്കുന്ന രീതിയെയും ഇഷ്ടമില്ലെന്ന് ഇന്ത്യയിലെ ജനങ്ങൾ വ്യക്തമായി പറഞ്ഞതാണ് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.
പുതിയ നരേന്ദ്ര മോഡി സർക്കാർ എത്രനാൾ നിലനിൽക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്നും പരകല പ്രഭാകർ പറഞ്ഞു. ലോക്സഭയിലെ വോട്ടെടുപ്പിന് അതിജീവിച്ചാൽ തന്നെ ഈ സർക്കാർ അഞ്ചു കൊല്ലം തികയ്ക്കില്ല. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ സ്വന്തം പാർട്ടിയിൽ നിന്നോ ആർഎസ്എസിൽ നിന്നോ എൻഡിഎ സഖ്യകക്ഷികളിൽ നിന്നോ ഉള്ള സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രിയെ മാറ്റാൻ സാധ്യതയുണ്ട്. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പുറത്തുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പഴയ മോഡിക്ക് പുതിയ മോഡിയാകാൻ കഴിയുമോ? എന്ന ചോദ്യത്തിന്, ആടിൻ്റെ വസ്ത്രത്തിൽ ചെന്നായ സ്വയം ആടായി സങ്കൽപ്പിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നായിരുന്നു മറുപടി. മോഡി എപ്പോഴും ആടിന്റെ വസ്ത്രം ധരിച്ച ചെന്നായയാണെന്ന് പ്രഭാകർ പറഞ്ഞു. തൻ്റെ രാഷ്ട്രീയ പ്രവർത്തനശൈലി, സ്വഭാവം, വ്യക്തിത്വം എന്നിവയിൽ സമഗ്രമായ മാറ്റം വരുത്താൻ മോഡിക്ക് കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പ്രഭാകർ കൂട്ടിച്ചേർത്തു.
10 വർഷത്തിനിടയിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് നരേന്ദ്ര മോഡി തൻ്റെ പാർട്ടിയെ നയിക്കുമെന്നും ലോക്‌സഭാ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും പ്രവചിച്ച ആദ്യത്തെ വിശകലന വിദഗ്ധൻ പരകാല പ്രഭാകറായിരുന്നു.