ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിച്ച് എഴുതിയ കത്ത് ഇന്ത്യയിലെ ഫലസ്തീന്‍ നയതന്ത്രകാര്യാലയ മേധാവി അബ്ദല്‍റസാഖ് അബു ജസര്‍ സ്വാഗതം ചെയ്തു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിന് ഇന്ത്യ നല്‍കുന്ന പിന്തുണയും ഫലസ്തീന് സഹായങ്ങള്‍ നല്‍കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും പ്രധാനമന്ത്രി മോഡി ആവര്‍ത്തിച്ചു വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദേശം വളരെ സ്വാഗതാര്‍ഹമാണെന്നും വളരെ പ്രാധാന്യമുള്ള ഉള്ളടക്കമാണ് അതിലുള്ളതെന്നും ഇന്ത്യയിലെ ഫലസ്തീന്‍ നയന്ത്ര പ്രതിനിധി പറഞ്ഞു. രാഷ്ട്രീയവും നയന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ ഒരു ദ്വി-രാഷ്ട്ര പരിഹാരം കണ്ടെത്തുന്നതിനും സാധ്യമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ പിന്തുണ കത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഫലസ്തീനിലെ ജനങ്ങള്‍ക്ക് തുടര്‍ന്നും സഹായങ്ങളെത്തിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കത്തില്‍ പ്രധാനമന്ത്രി വ്യക്താക്കിയിട്ടുണ്ട്- അല്‍ ജസര്‍ പറഞ്ഞു. യുദ്ധക്കെടുതിയിൽ പൊറുതിമുട്ടുന്ന ഫലസ്തീനിലെ ഗസ സ്വദേശിയായ അൽ ജസർ മുൻ മാധ്യമപ്രവർത്തകൻ കൂടിയാണ്.
യുഎന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി മുഖേനയാണ് ഇന്ത്യ ഫലസ്തീനിലേക്ക് സഹായങ്ങളെത്തിക്കുന്നത്. ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന യുഎന്‍ ഏജന്‍സിക്കും സ്ഥാപനങ്ങള്‍ക്കും ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയെ അല്‍ ജസര്‍ എടുത്തു പറഞ്ഞു.
നവംബര്‍ 29 ആണ് ഫലസ്തീന്‍ ജനതയ്ക്കുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചു വരുന്നത്. ഈ ദിനത്തോടനുബന്ധിച്ച് ഫലസ്തീന് പ്രധാനമന്ത്രി മോഡി എഴുതിയ കത്തില്‍ ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും പരസ്പരം പങ്കിടുന്ന ചരിത്രവും പരാമര്‍ശിച്ചിരുന്നു. ഫലസ്തീന്‍ ജനതയുടെ സാമ്പത്തിക, സാമൂഹിക വികസനത്തെ പിന്തുണയ്ക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കത്തില്‍ മോഡി വ്യക്താക്കിയിരുന്നു. ര
ഫലസ്തീനു വേണ്ടി ഇന്ത്യ ഒരുക്കിയ ഇന്ത്യ-ഫലസ്തീന്‍ ടെക്‌നോ പാര്‍ക്ക്, ഫലസ്തീന്‍ നാഷനല്‍ പ്രിന്റിങ് പ്രസ് എന്നിവും നാല് സ്‌കൂളുകളും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നതായും മോഡി കത്തില്‍ അറിയിച്ചു. ഫലസ്തീന്‍ ഡിപ്ലോമാറ്റിക് അക്കാഡമി, വുമണ്‍ എംപവര്‍മെന്റ് സെന്റര്‍ (തുറാത്തി), ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നീ പദ്ധതികള്‍ പുരോഗമിക്കുകയാണ്. യുഎന്‍ ഏജന്‍സിക്കുള്ള സഹായം ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു രാഷ്ട്രമെന്ന സ്വപ്‌നത്തിലേക്കും, സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള ഫലസ്തീന്‍ ജനതയുടെ പ്രയാണത്തിന് ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടിയും സര്‍ക്കാരിനു വേണ്ടിയും ആശംസകള്‍ നേരുന്നുവെന്നും കത്തില്‍ പ്രധാനമന്ത്രി മോഡി കുറിച്ചു.