ദുബൈ– ഇന്ത്യക്കെതിരെ നടന്ന ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താൻ ഓപ്പണര്‍ സാഹിബ്‌സാദാ ഫര്‍ഹാൻ്റെ അതിരുകവിഞ്ഞ ആഘോഷം, ഒരു വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
കളിയിൽ പാക് നിരയിലെ ടോപ് സ്‌കോറർ സാഹിബ്‌സാദ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ സിക്‌സറിന് പറത്തി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് തൊട്ട് പിന്നാലെയാണ് ഡഗ്ഔട്ടിലേക്ക് തിരിഞ്ഞ് ബാറ്റ് ഒരു തോക്കുപോലെ ഉപയോഗിച്ച് വെടിവെയ്ക്കുന്ന ആംഗ്യം കാണിച്ചത്.
ആഘോഷപ്രകടനം വ്യാപകമായി സംപ്രേക്ഷണം ചെയ്യപ്പെട്ടതോടെ സോഷ്യല്‍ മീഡിയയിൽ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
സാഹിബ്‌സാദായുടെ പ്രകടനം കണ്ട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സായിം അയ്യൂബ് വിസ്മയത്തോടെ നോക്കിനില്‍ക്കുകയും തുടര്‍ന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
താരത്തിന്റെ പെരുമാറ്റം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
വലിയ രാഷ്ട്രീയ-വൈകാരിക പശ്ചാത്തലത്തിലുള്ള മത്സരത്തില്‍ ഒരു ബാറ്റര്‍ വിവേകശൂന്യമായി പെരുമാറിയെന്നാണ് ഇന്ത്യന്‍ ആരാധകരുടെ ആരോപണം. ഫര്‍ഹാന്റെ ആംഗ്യത്തെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചത്.
പവര്‍പ്ലേയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കുനേരെ കടന്നാക്രമണം നടത്തിയ സാഹിബ്‌സാദാ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറികളും സഹിതം 45 പന്തില്‍ നിന്ന് 58 റണ്‍സാണ് നേടിയത്.
പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യ ആറുവിക്കറ്റിന് ജയിച്ചു.