ന്യൂഡല്‍ഹി– ബലൂചിസ്ഥാനിലെ ട്രെയിന്‍ ഹൈജാക്കിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണത്തെ പൂർണ്ണമായി തള്ളി ഇന്ത്യ. പതിറ്റാണ്ടുകളായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ബലൂചിസ്ഥാനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് സൂചനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ശക്തമായി വിമര്‍ശിച്ചു.
മറ്റുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം പാകിസ്ഥാന്‍ സ്വന്തം വീഴ്ചകളെ നോക്കണമെന്ന് ഇന്ത്യ വിമര്‍ശിച്ചു. ഇസ്ലാമാബാദ് ഭീകര കേന്ദ്രമാണെന്ന് മുന്‍ നിലപാട് ആവര്‍ത്തിക്കുന്നെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നും അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പാകിസ്ഥാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പ്രതികരണം.
പാകിസ്ഥാന് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഞങ്ങള്‍ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിനറിയാം. സ്വന്തം പരാജയങ്ങളും ഉത്തരവാദിത്തങ്ങളും മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നതിന് പകരം പാകിസ്ഥാന്‍ സ്വന്തം ഉള്ളിലേക്ക് നോക്കണം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ ട്രെയിന്‍ ആക്രമണം വിദേശത്ത് നിന്ന് ആസൂത്രണം ചെയ്തതാണെന്നും ഇന്ത്യയെ നേരിട്ട് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ പറഞ്ഞു. ട്രെയിന്‍ ഉപരോധത്തിലുടനീളം ബി.എല്‍.എ വിമതര്‍ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള അവരുടെ സഹായികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ഏറ്റവും വലുതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. അവിടുത്തെ സായുധവിമത ഗ്രൂപ്പുകളില്‍ ഒന്നാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എൽ.എ). 1947ൽ വിഭജന സമയത്ത് നിര്‍ബന്ധിതരായി പാകിസ്ഥാനില്‍ ലയിച്ചതുമുതല്‍ ഈ ഗ്രൂപ്പുകള്‍ സ്വാതന്ത്രത്തിനായി പോരാടുന്നുണ്ട്.
മാര്‍ച്ച് 12ന് ക്വറ്റയില്‍ നിന്ന് പെഷവാറിലേക്കുള്ള 30 മണിക്കൂര്‍ യാത്രക്കിടയിലാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ജാഫര്‍ എകസ്പ്രസ് ഹൈജാക്ക് ചെയ്തത്. ഉപരോധം ഏകദേശം 30 മണിക്കൂര്‍ നീണ്ടുനിന്നു, 21 ബന്ദികളും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.