ഇസ്ലാമാബാദ് – നിയന്ത്രണ രേഖയിൽ നിരീക്ഷണ പറക്കൽ നടത്തിയ ഇന്ത്യൻ സൈന്യത്തിന്റെ ക്വാഡ്‌കോപ്ടർ ഡ്രോൺ വെടിവെച്ചു വീഴ്ത്തിയതായി പാകിസ്താന്റെ അവകാശവാദം. പാക് അധീന കശ്മീരിലാണ് സംഭവം. തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശിച്ച ഡ്രോൺ ഭീംബർ ജില്ലയിലെ മനാവർ സെക്ടറിൽ വെടിവെച്ചു വീഴ്ത്തിയതായി പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റേഡിയോ പാകിസ്താനും പിടിവി ന്യൂസും റിപ്പോർട്ട് ചെയ്തു. ഇതേപ്പറ്റി ഇന്ത്യൻ സൈന്യം പ്രതികരിച്ചിട്ടില്ല.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കെയാണ് പാക് അധീന കശ്മീരിൽ ഡ്രോൺ വീഴ്ത്തിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നിയന്ത്രണ രേഖയിൽ തുടർച്ചയായ അഞ്ചാം ദിവസവും പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചുവെന്നും ഇന്നലെ രാത്രി അതിന് ഉചിതമായ മറുപടി നൽകിയെന്നും ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയിരുന്നു.
2003 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും പഹൽഗാം ആക്രമണത്തിനു പിന്നാലെ പാകിസ്താൻ പ്രകോപനം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്.