ശ്രീനഗർ: പഹൽഗാം ഭീകരാക്രമമണത്തിനു ശേഷം നിയന്ത്രണരേഖയിൽ തുടർച്ചയായി അഞ്ചാം രാത്രിയും പ്രകോപനം തുടർന്ന് പാകിസ്താൻ സൈന്യം. കുപ്‌വാര, ബറാമുള്ള ജില്ലകൾക്ക് എതിർവശത്തും അഖ്‌നൂർ സെക്ടറിലുമാണ് പാക്‌സൈന്യം ഇന്നലെ പ്രകോപനമില്ലാതെ വെടിയുതിർത്തത്. മുന്നറിയിപ്പുകൾ അവഗണിച്ച് അഞ്ചാം ദിവസവും അക്രമം തുടർന്നതോടെ ഉചിതമായ മറുപടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതൽ നിയന്ത്രണ രേഖയുടെ വിവിധ ഭാഗങ്ങളിലായി പാക് സൈന്യം ഇന്ത്യൻ ഭാഗത്തേക്ക് വെടിവെക്കുകയും വീര്യംകുറഞ്ഞ സ്‌ഫോടക വസ്തുക്കൾ വലിച്ചെറിയുകയും ചെയ്തിരുന്നു. എവിടെയും ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
അതിർത്തിയിലെ വെടിനിർത്തൽ ലംഘനം തുടർക്കഥയായതോടെയാണ് തിങ്കളാഴ്ച രാത്രി ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്. ‘ഏപ്രിൽ 28-29 ന്റെ രാത്രിയിൽ കുപ്‌വാര, ബറാമുള്ള ജില്ലകൾക്ക് എതിർവശത്തും അഖ്‌നൂർ സെക്ടറിലും പ്രകോപനമില്ലാതെ ചെറിയ തോക്കുകൾ ഉപയോഗിച്ച് വെടിവെച്ചു. ഇന്ത്യൻ സൈന്യം നിയന്ത്രിതവും ഉചിതവുമായ രീതിയിൽ ഈ പ്രകോപനത്തോട് പ്രതികരിച്ചിട്ടുണ്ട്.’ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.