ശ്രീനഗര്‍– കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പ്രചരിച്ച ദൃശ്യത്തില്‍ സിപ്പ്‌ലൈന്‍ ഓപ്പറേറ്റര്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞതില്‍ അസ്വാഭാവികതയില്ലെന്ന് എന്‍.ഐ.എ. വിനോദ സഞ്ചാരി റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്രചരിച്ചതിന് ശേഷം ഓപ്പറേറ്ററായ മുസമ്മിലിനെ എന്‍.ഐ.എ ചോദ്യം ചെയ്യലിന് വിധേയനാക്കുകയായിരുന്നു. വെടിയൊച്ചകള്‍ക്കിടയില്‍ മൂന്ന് പ്രാവിശ്യം അല്ലാഹു അക്ബര്‍ എന്ന് ഓപ്പറേറ്റര്‍ പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ഓപ്പറേറ്റര്‍ അല്ലാഹു അക്ബര്‍ പറഞ്ഞതിന് ശേഷമാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് വിനോദ സഞ്ചാരിയായ ഋഷി ഭട്ട് ആരോപിച്ചിരുന്നു.
എന്നാല്‍ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുകയോ ഭയക്കുകയോ ചെയ്താല്‍ മുസ്ലിംകള്‍ അല്ലാഹു അക്ബറെന്ന് പറയുന്നത് സ്വാഭാവികമാണ്. അത് ഹിന്ദുക്കള്‍ ഹേ റാം എന്ന് പറയുന്നതിന് തുല്യമാണെന്നും എന്‍.ഐ.എ അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലില്‍ മുസമ്മിലിന് ആക്രമണത്തില്‍ നേരിട്ടുള്ള പങ്കാളിത്തം കണ്ടെത്തിയിട്ടില്ലെന്നും എന്‍.ഐ.എ അറിയിച്ചു.
കശ്മീരികള്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോല്‍ അല്ലാഹുവിനെ വിളിക്കുന്നത് സാധാരണമാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മുഹമ്മദ് ഇഖ്ബാല്‍ ട്രംബൂ എന്‍.ഐ.എയോട് പറഞ്ഞു. കശ്മീരിന്റെ സംസ്‌കാരത്തിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ്, ഇതിന് തീവ്രവാദവുമായി ഒരു ബന്ധവുമില്ല, സാധാരണ കാശ്മീരികള്‍ എപ്പോഴും എന്ത് കണ്ടാലും ബിസ്മില്ല എന്ന് പറയുകയോ അള്ളാഹുവിനെ വിളിക്കുകയോ ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.