ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കശ്മീരിലെ പഹൽഗാമിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ ആക്രമണം നടത്തിയ മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളായ ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് ഏജൻസികൾ അറിയിച്ചു.
നിരോധിത ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ പ്രാദേശിക വിഭാഗമാണ് റെസിസ്റ്റൻസ് ഫ്രണ്ട്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബൈസാരൻ പുൽമേടിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ 29 പേർ കൊല്ലപ്പെട്ടു. 26 പേർ സ്ഥലത്തുവെച്ചും മൂന്ന് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പരുക്കേറ്റ 17 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപോർട്ടുകൾ.
അതിനിടെ, കൊല്ലപ്പെട്ടവരിൽ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ നിന്നും കർണാടകയിൽനിന്നും മൂന്ന് പേർ വീതം, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്ര, കേരളം, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഓരോരുത്തരുമാണ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ പട്ടികയിൽ ഉള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഒരു മണിയോടെ ഡൽഹിയിൽ എത്തിക്കും. അവിടെ നിന്ന് 4.30-നുള്ള എയർ ഇന്ത്യ വിമാനത്തിൽ 7.30-ഓടെ നെടുമ്പാശ്ശേരിയിലെത്തിക്കുമെന്നാണ് വിവരം.
ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്‌കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്താനിൽ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും കശ്മീരിൽ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയതെന്നും പറയുന്നു. വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ പ്രാദേശിക ഭീകരരാണെന്നും ഇവരെ തിരിച്ചറിഞ്ഞതായുമാണ് റിപോർട്ടുകൾ.
അക്രമിസംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്‌തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഭീകരർക്കായി ബയ്‌സരൺ വനമേഖലയിൽ നാല് ഹെലികോപ്റ്ററുകളിൽ സൈന്യം തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്താൻ പ്രതികരിച്ചു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണമൊരുക്കിയതായി നോർക്ക റൂട്ട്‌സ് അറിയിച്ചു. നോർക്കയുടെ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് നടപടി. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കാശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്‌ക്ക് നമ്പർ പ്രയോജനപ്പെടുത്താം. ഡൽഹിയിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ കേരള ഹൗസിനും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.