പഹൽഗാം: ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനോദസഞ്ചാരികളുടെ എണ്ണം ഇരുപത്തിയാറായി. നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ സൈനിക ഹെലികോപ്റ്ററുകൾ എത്തി. ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ എത്തിച്ചേരാനാകൂ. കേന്ദ്രമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. എല്ലാ ഏജൻസികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്തും. സൗദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും അമിത് ഷാ ചർച്ച നടത്തി. മോഡിയാണ് ആക്രമണം നടന്ന സ്ഥലത്തേക്ക് പോകാൻ അമിത് ഷായോട് നിർദ്ദേശിച്ചത്.
പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ മുകളിലെ പുൽമേടുകളിലാണ് ആക്രമണം നടന്നത്. കാട്ടിൽനിന്ന് ഇറങ്ങി വന്ന ഭീകരർ കണ്ണിൽ കണ്ടവരെയെല്ലാം വെടിവെക്കുകയായിരുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ, അമിത് ഷാ ദൽഹിയിലെ തന്റെ വീട്ടിൽ യോഗം വിളിച്ചു. ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ ദേക, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സി.ആർ.പി.എഫ് മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ്, ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് നളിൻ പ്രഭാത്, ചില സൈനിക ഉദ്യോഗസ്ഥർ എന്നിവരും വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും ഷാ സംസാരിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
ഭീകരരെ നിർവീര്യമാക്കുന്നതിനായി നടപടി തുടങ്ങിയെന്നും പഹൽഗാം ആക്രമണത്തിലെ കുറ്റവാളികൾ അവരുടെ ഹീനമായ പ്രവൃത്തിക്ക് വളരെ വലിയ വില നൽകേണ്ടിവരുമെന്നും സിൻഹ പറഞ്ഞു. ഇടതൂർന്ന കാടുകൾക്കും സ്ഫടികതുല്യമായ തടാകങ്ങൾക്കും, വിശാലമായ പുൽമേടുകൾക്കും പേരുകേട്ട പഹൽഗാം ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്. എല്ലാ വേനൽക്കാലത്തും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്.
കൊല്ലപ്പെട്ടവരിൽ കർണാടകയിലെ ശിവമോഗ ജില്ലയിൽ നിന്നുള്ള ഒരു റിയൽ എസ്റ്റേറ്റുകാരനും ഉൾപ്പെടുന്നു. ഭാര്യയുടെയും മകന്റെയും മുന്നിലാണ് ഇദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി മോഡി, “ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയം അചഞ്ചലമാണെന്നും അത് കൂടുതൽ ശക്തമാകുമെന്നും” വ്യക്തമാക്കി.
ആക്രമണത്തെ “മ്ലേച്ഛത” എന്ന് വിശേഷിപ്പിച്ച കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, “വിശ്വസിക്കാൻ കഴിയാത്തവിധം ഞെട്ടിപ്പോയി” എന്ന് പറഞ്ഞു. “ഈ ആക്രമണത്തിലെ കുറ്റവാളികൾ മൃഗങ്ങളാണ്, മനുഷ്യത്വമില്ലാത്തവരും അവഹേളനത്തിന് അർഹരുമാണ്. അപലപിക്കാൻ വാക്കുകൾ പോരാ. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ സഹതാപം അറിയിക്കുന്നു,” അദ്ദേഹം X-ൽ പോസ്റ്റ് ചെയ്തു.
“നികൃഷ്ടമായ ആക്രമണത്തിന്” പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.