ന്യൂഡൽഹി– ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ എ.ഐ.എം.ഐ.എം പ്രസിഡൻ്റ് അസദുദ്ദീൻ ഉവൈസി കനത്ത വിമർശനം ഉന്നയിച്ചു. തെലങ്കാനയിലെ ബോധനിൽ വഖഫ് നിയമഭേദഗതിക്കെതിരേ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ഉവൈസി ഈ ആരോപണങ്ങൾ ഉന്നയിച്ചത്. മോദി സർക്കാറിന്റെ സുരക്ഷാവീഴ്ചയുടെ ഉത്തമ ഉദാഹരണമാണ് പഹൽഗാമെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ആക്രമണത്തിന് ശക്തമായ പ്രതികാരം വേണമെന്ന് ഉവൈസി പറഞ്ഞു. “ഓപ്പറേഷൻ സിന്ദൂർ തുടരണം. പഹൽഗാമിൽ 26 പേരെ വധിച്ചവർ കൊല്ലപ്പെടുന്നത് വരെ ഇന്ത്യയുടെ പ്രതികാരം പൂർത്തിയാവില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.
എഐഎംഐഎം അംഗീകാരം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
അതേസമയം, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയ്മാല ബാഗ്ചിയും അടങ്ങിയ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ, പാർട്ടിയുടെ ഭരണഘടന മതേതര നിലപാടുകൾക്ക് വിരുദ്ധമാണെന്ന ഹർജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
തിരുപതി നരസിംഹ മുരാരി എന്ന വ്യക്തിയാണ് എഐഎംഐഎം അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. മുസ്ലിം മതവിഭാഗത്തിന്റെ ഉന്നമനം മാത്രമാണ് പാർട്ടിയുടെ ലക്ഷ്യമെന്നുള്ള ആരോപണവും ഹർജിയിൽ ഉന്നയിച്ചിരുന്നതായിരുന്നു. എന്നാൽ, ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് പ്രകാരം അംഗീകാരത്തിൽ ഇടപെടാൻ ആധാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.