ന്യൂഡല്‍ഹി: പാക്കിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജഗദീഷ് ദേവ്ദ നടത്തിയ പ്രസ്താവന വിവാദമായി. നന്ദി പ്രകടിപ്പിക്കാന്‍ രാജ്യത്തെ സേനയും സൈനികരും മോഡിയുടെ കാല്‍ തൊട്ട് വണങ്ങുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ജബല്‍പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പഹല്‍ഗാം ഭീകരാക്രമണത്തിന് മോഡി നല്‍കിയ മറുപടിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യം ഒന്നടങ്കവും രാജ്യത്തെ സേനയും സൈനികരും മോഡിയുടെ കാല്‍ തൊട്ടുവണങ്ങുകയാണ്, അദ്ദേഹം പറഞ്ഞു.
ബിജെപി മന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞതും നാണക്കേടാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. സേനയെ അവഹേളിച്ചതിന് ഉപമുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ബിജെപി മാപ്പു പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത് സേനയുടെ വീര്യത്തേയും ധൈര്യത്തേയും അവഹേളിക്കലാണ്. രാജ്യം ഒന്നടങ്കം സേനയെ വണങ്ങുമ്പോള്‍ ബിജെപി നേതാക്കള്‍ ധീര സേനയെ കുറിച്ചുള്ള അവരുടെ നിലവാരമില്ലാത്ത കാഴ്ച്ചപ്പാട് പ്രകടിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
നമ്മുടെ സേനയെ ബിജെപി നേതാക്കൾ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യകരവും നാണക്കേടാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ആദ്യം മധ്യപ്രദേശിലെ ഒരു മന്ത്രി വനിതാ സൈനിക ഓഫീസറെ കുറിച്ച് വളരെ മോശമായി സംസാരിച്ചു. ഇപ്പോള്‍ ഉപമുഖ്യമന്ത്രിയും വലിയ അവഹേളനം നടത്തിയിരിക്കുന്നു. ഇതിലൂടെ ബിജെപി എന്ത് സന്ദേശമാണ് സേനക്കും ഈ രാജ്യത്തെ ജനങ്ങള്‍ക്കും നല്‍കുന്നത്. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം സേനയുടെ വീര്യത്തില്‍ അഭിമാനം കൊള്ളുമ്പോള്‍ ബിജെപിക്കാര്‍ സേനയെ അവഹേളിച്ചു കൊണ്ടിരിക്കുകയാണ്. ഈ നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്നതിനു പകരം ബിജെപി അവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്, പ്രിയങ്ക പറഞ്ഞു.
ഓപറേഷന്‍ സിന്ദൂറിന്റെ വിജയം രാഷ്ട്രീയമായി മുതലെടുക്കാന്‍ രാജ്യത്തുടനീളം ബിജെപി ഭാരത് ശൗര്യ തിരംഗ യാത്ര എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് നേതാക്കളുടെ വിവാദ പ്രസ്താവനകള്‍. ഓപറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ ലോകത്തെ അറിയിച്ചിരുന്ന മുതിര്‍ന്ന കരസേന ഒഫീസര്‍ കേണല്‍ സോഫിയ ഖുറൈശിയെ തീവ്രവാദികളുടെ സഹോദരി എന്ന് മധ്യപ്രദേശിലെ തന്നെ മറ്റൊരു മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കന്‍വര്‍ വിജയ് ഷാ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.