ബംഗ്ളൂരു: ബംഗ്ളൂരുവിൽ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കെആര്‍ മാര്‍ക്കറ്റിനടുത്തുള്ള നാഗര്‍ത്തപ്പേട്ടിലുള്ള കെട്ടിടത്തിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് രാജസ്ഥാന്‍ സ്വദേശിയായ മദന്‍ സിങ് ആണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടത്തില്‍ കുടുങ്ങിയ നാലുപേരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയില്‍ കടയാണ് പ്രവർത്തിച്ചിരുന്നത്. മുകളിലത്തെ നിലയില്‍ താമസിക്കാനുള്ള ഫ്ലാറ്റ് എന്ന നിലയിലായിരുന്നു കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ മുകളില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു മരിച്ച മദന്‍ സിങ്. സാരമായി പൊള്ളലേറ്റ അദ്ദേഹം സംഭവ സ്ഥലത്തു വെച്ചുതന്നെ മരിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഭാര്യയും എട്ട്, അഞ്ച് വയസ്സുള്ള കുട്ടികളുമുണ്ടായിരുന്നു.
സംഭവം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി. നഗരത്തിലെ തിരക്കേറിയ ഭാഗത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടോ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോ ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.