ശ്രീനഗർ – പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഭീകരവാദികൾക്കെതിരെ സുരക്ഷാ സൈന്യം നടത്തുന്ന നീക്കങ്ങളിൽ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്തണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. സമൂഹമാധ്യമമായ ‘എക്‌സി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യത്തിന്റെ ഭീകരവിരുദ്ധ നീക്കങ്ങൾക്കിടെ നിരപരാധികളും അറസ്റ്റിലാവുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
‘പെഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഭീകരവാദത്തിനും അതിന്റെ ഉത്ഭവകേന്ദ്രങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടമുണ്ടാകണം. കശ്മീരിലെ ജനങ്ങൾ ഭീകരതക്കെതിരെയും നിരപരാധികളെ കൊല്ലുന്നതിനെതിരെയും തുറന്ന മനസ്സോടെ മുന്നോട്ടു വന്നിട്ടുണ്ട്. സ്വതന്ത്രമായും സ്വാഭാവികമായുമാണ് അവർ അത് ചെയ്തത്. ജനങ്ങളുടെ അപരവൽക്കരിക്കുന്ന വിധത്തിൽ അനുചിതമായ നടപടികൾ ഇല്ലാതിരിക്കാനും, പിന്തുണ ഉറപ്പാക്കാനുമുള്ള സമയമാണിത്. കുറ്റക്കാരെ ശിക്ഷിക്കുക. അവരോട് ഒരു ദയയും കാണിക്കാതിരിക്കുക. പക്ഷേ, നിരപരാധികളായ ജനങ്ങൾ അതിന്റെ ദുരിതം ഏറ്റുവാങ്ങുന്ന അവസ്ഥ ഉണ്ടാകരുത്…’ ഉമർ അബ്ദുല്ല പറഞ്ഞു.
പെഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഭീകരവാദികൾക്കായുള്ള സൈന്യത്തിന്റെ തെരച്ചലിന്റെ ഭാഗമായി ഇതിനകം 2000-ലേറെ പേർ അറസ്റ്റിലായതായി കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. വീടുകൾ വ്യാപകമായി റെയ്ഡ് നടത്തുകയും പുരുഷന്മാരെ പിടികൂടുകയും ചെയ്യുകയാണെന്നും, ചോദ്യം ചെയ്യലിനായി പട്ടാള ക്യാംപുകളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും മാറ്റുന്നവരുമായി ബന്ധപ്പെടാൻ ബന്ധുക്കൾക്ക് കഴിയുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉമർ അബ്ദുല്ലയുടെ പ്രസ്താവന.