ഗുരുഗ്രാം, – ഹരിയാനയിലെ ഗുരുഗ്രാമില്‍ സംസ്ഥാന ടെന്നീസ് താരം രാധിക യാദവിനെ പിതാവ് ദീപക് യാദവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രണയബന്ധമോ ഇതര ജാതിയിലുള്ള വിവാഹമോ കാരണമായെന്ന അഭ്യൂഹങ്ങള്‍ കുടുംബം തള്ളി. ”രാധിക ഇതര ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രചാരണം വ്യാജമാണ്,” എന്ന് ദീപകിന്റെ സഹോദരന്‍ വിജയ് യാദവ് വ്യക്തമാക്കി.
കൊലപാതകത്തെ അപലപിക്കുന്നതായും, ദീപകിന് തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ”സംഭവിച്ചത് തെറ്റാണ്. എന്നാല്‍, പോലീസ് സ്റ്റേഷനില്‍ ഞാനും ദീപക്കിനൊപ്പം ഉണ്ടായിരുന്നു. തനിക്കെതിരെ കര്‍ശന നടപടി വേണമെന്നും, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദീപക് പോലീസിനോട് ആവശ്യപ്പെട്ടു,” വിജയ് യാദവ് പറഞ്ഞു. ഇതര ജാതിയിലുള്ള വിവാഹത്തിനെതിരെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ”ഞങ്ങളുടെ കുടുംബം അത്ര നിരക്ഷരരല്ല. അങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കില്‍, ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ അത് പരിഹരിക്കുമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാധികയുടെ ടെന്നീസ് കരിയറിനായി ദീപക് എല്ലാ പിന്തുണയും നല്‍കിയിരുന്നു. എന്നിട്ടും, ഈ ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ഒരുപക്ഷേ, പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ നടന്നതാകാം- വിജയ് യാദവ് വിശദീകരിച്ചു. ”വിധി മാറ്റാനാകില്ല. ദീപകിന് ഒരിക്കലും രാധികയുടെ മുഖത്ത് നോക്കി വെടിവെക്കാന്‍ കഴിയുമായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
ജൂലൈ 10-ന് ഗുരുഗ്രാമിലെ വീട്ടിലെ അടുക്കളയില്‍ പ്രാതല്‍ തയ്യാറാക്കുന്നതിനിടെയാണ് രാധികയെ ദീപക് വെടിവെച്ച് കൊലപ്പെടുത്തിയത്. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് അഞ്ച് തവണ വെടിയുതിര്‍ത്തു, ഇതില്‍ മൂന്ന് വെടിയുണ്ടകള്‍ രാധികയുടെ പുറകിലും ഒരെണ്ണം കഴുത്തിലും തറച്ചു. വിജയ് യാദവും അദ്ദേഹത്തിന്റെ മകന്‍ പീയുഷും ചേര്‍ന്ന് രാധികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം സ്ഥിരീകരിച്ചു.
രാധികയുടെ സാമ്പത്തിക സ്വാതന്ത്ര്യവും ടെന്നീസ് അക്കാദമി നടത്തുന്നതിനെതിരായ ദീപകിന്റെ എതിര്‍പ്പുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വിശദീകരണം.