ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻകറിന്റെ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും, അദ്ദേഹം എവിടെയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ധൻകറിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് സിബൽ ആവശ്യപ്പെട്ടു.
ജൂലൈ 21-ന്, പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം, ധൻകർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചു. എന്നാൽ, അദ്ദേഹത്തെ നിർബന്ധിച്ച് രാജിവെപ്പിച്ചതാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു.
“ജൂലൈ 22-ന് ഞങ്ങളുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു. അന്നുമുതൽ അദ്ദേഹം എവിടെയാണെന്ന് ഞങ്ങൾക്കറിയില്ല. അദ്ദേഹം ഔദ്യോഗിക വസതിയിലില്ല. ആദ്യ ദിവസം ഞാൻ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, പേഴ്സണൽ സെക്രട്ടറി ഫോൺ എടുത്ത് അദ്ദേഹം വിശ്രമിക്കുകയാണെന്ന് പറഞ്ഞു,” സിബൽ പറഞ്ഞു. പല രാഷ്ട്രീയ സഹപ്രവർത്തകർക്കും ധൻകറിനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“‘ലാപതാ ലേഡീസ്’ എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ട്, പക്ഷേ ‘ലാപതാ വൈസ് പ്രസിഡന്റ്’ എന്ന് ആദ്യമായാണ് കേൾക്കുന്നത്. തന്റെ കാലയളവിൽ സർക്കാരിനെ പിന്തുണച്ച ധൻകറിനെ ഇനി പ്രതിപക്ഷം സംരക്ഷിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്,” സിബൽ പരിഹസിച്ചു.
“ഹേബിയസ് കോർപസ് ഫയൽ ചെയ്യേണ്ടി വരുമോ? ആഭ്യന്തര മന്ത്രാലയം ധൻകറിന്റെ വിവരങ്ങൾ അറിഞ്ഞിരിക്കണം. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെങ്കിൽ, അത് വെളിപ്പെടുത്തണം. ചികിത്സയ്ക്കായി എവിടെയെങ്കിലും ആണോ അദ്ദേഹം? കുടുംബാംഗങ്ങളും ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്താണ് പ്രശ്നം? ഇത്തരം സംഭവങ്ങൾ മറ്റ് രാജ്യങ്ങളിൽ മാത്രമേ കേട്ടിട്ടുള്ളൂ. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അതിനാൽ ഇത്തരം കാര്യങ്ങൾ പൊതുജനസമക്ഷം വെളിപ്പെടുത്തണം,” സിബൽ ആവശ്യപ്പെട്ടു.
“ആഭ്യന്തര മന്ത്രിയോട് അഭ്യർത്ഥിക്കുന്നു, നിങ്ങൾക്ക് വിപുലമായ റിസോഴ്സുകൾ ഉണ്ട്. ബംഗ്ലാദേശികളെ തിരിച്ചയയ്ക്കുന്ന നിങ്ങൾ, ഞങ്ങളുടെ മുൻ ഉപരാഷ്ട്രപതിയുടെ വിവരങ്ങൾ അറിഞ്ഞിരിക്കണം. അതിനാൽ, അദ്ദേഹത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഒരു പ്രസ്താവന നൽകണം,” സിബൽ കൂട്ടിച്ചേർത്തു.