ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്നു മുതൽ ഡൽഹിയിൽ ഇന്ധനം നൽകില്ല. ‘ജീവിതം അവസാനിച്ച’ വാഹനങ്ങളെ (എൻഡ് ഓഫ് ലൈഫ് വെഹിക്കിൾസ്) നിരത്തിൽ നിന്ന് പിൻവലിക്കുന്ന നയത്തിന്റെ ഭാഗമായി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (കാക്വം) ആണ് പെട്രോൾ പമ്പുകൾക്ക് ഈ നിർദേശം നൽകിയത്. ഗതാഗത വകുപ്പിനും ഡൽഹി പൊലീസിനും ട്രാഫിക് ഉദ്യോഗസ്ഥർക്കും നിർദേശമുണ്ട്.
ഡൽഹി പൊലീസും ഡൽഹി മുനിസിപ്പൽ കോർപറേഷനും ചേർന്ന് കാലാവധി കഴിഞ്ഞ വാഹനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തും. പെട്രോൾ പമ്പുകളിൽ പ്രത്യേക സംഘങ്ങളുടെ പരിശോധനയുണ്ടാകും.
10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കും 15 പിന്നിട്ട പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം നൽകേണ്ടതില്ലെന്നാണ് തീരുമാനം. നഗരത്തിലെ 350 പെട്രോൾ പമ്പുകളിൽ ഓരോ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ വീതം നിലയുറപ്പിച്ച് ഇക്കാര്യം ഉറപ്പുവരുത്തും. ഇതിനു പുറമെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പൊലീസ്, മുനിസിപ്പൽ ഉദ്യോഗസ്ഥരുമുണ്ടാകും.