ഗുരുഗ്രാമം: വെന്റിലേറ്റർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ ലൈംഗികാതിക്രമത്തിന് ഇരയായതായി 46-കാരിയായ എയർഹോസ്റ്റസിന്റെ പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവമെന്നും ഏപ്രിൽ ആറിനാണ് പീഡിപ്പിക്കപ്പെട്ടതെന്നും യുവതി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സദർ പോലീസ് പ്രതികരിച്ചു.
ഏപ്രിൽ 13ന് ഹോസ്പിറ്റലിൽനിന്നും ഡിസ്ചാർജ് ചെയ്ത ശേഷമാണ് യുവതി ഭർത്താവിനോട് ദുരനുഭവം പങ്കുവെച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് എയർ ഹോസ്റ്റസ് പറഞ്ഞു. ഒഫീഷ്യൽ ട്രെയിനിങിൽ പങ്കെടുക്കാനാണ് എയർ ഹോസ്റ്റസ് ഗുരുഗ്രാമിൽ എത്തിയത്. അതിനിടെ ഹോട്ടലിലെ സ്വമ്മിങ് പൂളിൽ വീണ് ഗുരുതരാവസ്ഥയിലായ ഇവരെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വെന്റിലേറ്റർ സഹായത്തിൽ ആയിരുന്നപ്പോഴാണ് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയതെന്നും ആ സമയത്ത് നിലവിളിക്കാനോ എതിർക്കാനോ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

പരാതിക്കു പിന്നാലെ, അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുവരികയാണെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യാനാകുമെന്നും ഗുരുഗ്രാം പോലീസ് വക്താവ് സന്ദീപ് കുമാർ പറഞ്ഞു. പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി.