ദിസ്പുര്‍– നവജാത ശിശുവിനെ വില്‍പന നടത്തിയെന്ന പരാതിയില്‍ അമ്മയും മുത്തശ്ശിയും അറസ്റ്റില്‍. അസമിലെ ശിവസാഗര്‍ ജില്ലയിലാണ് സംഭവം. ജില്ലാ ആശുപത്രിയില്‍ അവിവാഹിതയായ 22കാരി ജന്മം നല്‍കിയ കുഞ്ഞിനെയാണ് മുത്തശ്ശിയുമായി ചേര്‍ന്ന് അമ്മ തന്നെ 50,000 രൂപക്ക് വില്‍പന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അധികൃതരുടെ പരാതിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തായി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞിന്റെ അമ്മ, മുത്തശ്ശി, 2 ആശാ വര്‍ക്കര്‍മാര്‍, വേറെ രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്. ജൂണ്‍ 23നാണ് യുവതി കുട്ടിക്ക് ജന്മം നല്‍കിയത്. വില്‍പന നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മനസിലാക്കിയ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ കുഞ്ഞിനെ വില്‍ക്കരുതെന്ന് ബോധവല്‍ക്കരണം നടത്തിയിരുന്നു.
എന്നാല്‍ ഇതൊക്കെ അവഗണിച്ച് പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കിടയിലാണ് കുട്ടിയെ വില്‍പന നടത്തിയത്. തുടര്‍ന്ന് അധികാരികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ ആശാ പ്രവര്‍ത്തകരാണ് കുട്ടിയെ വില്‍പന നടത്താന്‍ സഹായിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഇവരില്‍ സമാന കേസില്‍ മുന്‍പും ബന്ധമുണ്ടെന്ന് ആരോപിക്കുന്നവരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചറൈഡിയോ ജില്ലയിലെ സപേഖാതിയില്‍ നിന്നുള്ള കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് വിറ്റതെന്നാണ് വിവരം. കുഞ്ഞിനെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.