ന്യൂഡൽഹി– ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ ദേശീയ താരം ഖാലിദ് ജമീലിനെ നിയമിച്ചു. വെള്ളിയാഴ്ച ചേർന്ന അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (AIFF) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. ഐ.എം വിജയൻ ഉൾപ്പടെയുള്ള ടെക്നിക്കൽ കമ്മിറ്റി ശുപാർശ ചെയ്ത മൂന്ന് പേരിൽ നിന്നാണ് ഖാലിദിനെ തെരഞ്ഞെടുത്തത്.
48 കാരനായ ഖാലിദ്, നിലവിൽ ഐ.എസ്.എൽ ക്ലബായ ജംഷെഡ്പൂർ എഫ്‌സിയുടെ പരിശീലകനാണ്. മുൻ ഇന്ത്യൻ പരിശീലകനായ ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റൻ്റൈനും, സ്ലൊവാക്യൻ കോച്ചായ സ്റ്റെഫാൻ ടർകോവിച്ചും അടങ്ങുന്ന പട്ടികയിൽ നിന്നായിരുന്നു അദ്ദേഹത്തെ തെരെഞ്ഞടുത്തത്.
2011-12 സീസണിൽ സാവിയോ മെദിരയാണ് ഇന്ത്യൻ ടീമിനെ അവസാനമായി പരിശീലിപ്പിച്ച ഇന്ത്യക്കാരൻ. നിലവിലെ കോച്ചായ മനോലോ മാർക്വസിന് പകരക്കാരനായാണ് ഖാലിദ് ചുമതലയേൽക്കുന്നു.
കുവൈത്തിൽ ജനിച്ച വളർന്ന ഖാലിദ്, 1998 മുതൽ 2006 വരെ ഇന്ത്യക്കായി 40 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മധ്യനിരയിൽ നിറഞ്ഞുനിന്ന താരം മഹീന്ദ്ര യൂനൈറ്റഡ്, എയർ ഇന്ത്യ, മുംബൈ എഫ്‌സി തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി കളിച്ചു. കളിയിലൂടെയും, പരിശീലനത്തിലൂടെയും ഫുട്ബാളിൽ വ്യക്തമായ അടയാളപ്പെടുത്തലുകളുമായാണ് അദ്ദേഹം ദേശീയ പരിശീലക കുപ്പായമണിയുന്നത്.
2016-17 സീസണിൽ ഐസോൾ എഫ്‌സിയെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയതിലൂടെ ഖാലിദ് പരിശീലകനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. മിസോറാമിലെ ചെറുക്ലബിനെ ആദ്യ സീസണിൽ തന്നെ കിരീടത്തേക്ക് നയിച്ചത് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ അടയാളമായി മാറി.
പിന്നീട് ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, നോർത്ത് ഈസ്റ്റ് യൂണൈറ്റഡ്, ബംഗളൂരു യുനൈറ്റഡ് തുടങ്ങി നിരവധി ക്ലബുകൾക്ക് അദ്ദേഹം പരിശീലനം നൽകി. 2023ൽ ജംഷെഡ്പൂർ എഫ്‌സിയുടെ കോച്ചായി ചുമതലയേൽക്കുകയും, ടീമിനെ സൂപ്പർ കപ്പിൽ റണ്ണേഴ്സ് അപ്പാക്കുകയും ചെയ്തു.
ഇന്ത്യൻ ഫുട്ബാളിന്റെ തുടിപ്പ് അറിയുന്നതുകൊണ്ടും, ഇന്ത്യൻ കളിക്കാരെക്കുറിച്ചുള്ള അവബോധവും പരിശീലനത്തിലെ ലളിതമായ സമീപനവുമാണ് അദ്ദേഹത്തിന് മുൻഗണന ലഭിക്കാൻ കാരണം. രണ്ടുതവണ എഐഎഫ്എഫ് മികച്ച പരിശീലക പുരസ്കാരം നേടിയിട്ടുണ്ട്.
കുവൈത്തിൽ കുട്ടിക്കാലത്ത് നടന്ന അണ്ടർ-14 ക്യാമ്പിൽ ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസമായ മിഷേൽ പ്ലാറ്റിനിയുമായുള്ള കൂടിക്കാഴ്ച ഖാലിദിന് പ്രചോദനമായി. അതിന്റെ തുടർച്ച തന്നെയായിരുന്നു അദ്ദേഹത്തിന്റെ കരിയറുടന്നീളം.
13 വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിന് ഇന്ത്യൻ പരിശീലകൻ തന്നെ നേതൃത്വം നൽകുന്നത് എന്നതിൽ ആരാധകരും വിദഗ്ധരും വലിയ പ്രതീക്ഷയിലാണ്.