ന്യൂഡൽഹി– ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. ആഭ്യന്തര മന്ത്രാലയമാണ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎയോട് ഉത്തരവിട്ടത്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയതായി ഡൽഹി പോലീസ് സ്ഥിരീകരിച്ചു.
ചാവേറാക്രമണത്തിൻ്റെ സാധ്യത മുന്നിൽ കണ്ടാണ് എൻഐഎ അന്വേഷണം ഊർജ്ജിതമാക്കുന്നത്. കാറോടിച്ചിരുന്നത് കാശ്മീർ സ്വദേശിയായ ഡോക്ടർ ഉമർ മുഹമ്മദ് ആണെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണം
പൊട്ടിത്തെറിച്ച കാറിൻ്റെ ഉടമസ്ഥാവകാശം നിരവധി കൈമാറ്റങ്ങളിലൂടെയാണ് ഉമർ മുഹമ്മദിൽ എത്തിയത്. കസ്റ്റഡിയിലെടുത്ത ആദ്യ ഉടമ സൽമാനിൽ നിന്ന് കാർ ആദ്യം വാങ്ങിയത് ദേവേന്ദ്ര എന്നയാളാണ്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ വാഹനം വാങ്ങി, പുൽവാമ സ്വദേശിയായ താരിഖിന് കൈമാറി. അവസാനമായാണ് താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറിയത്. ഉമർ മുഹമ്മദിന് ഫരീദാബാദിലെ പഴയ കേസുകളുമായി ബന്ധമുണ്ടോ എന്നും എൻഐഎ പരിശോധിച്ചു വരികയാണ്.
തിങ്കളാഴ്ച വൈകീട്ട് 6.55-ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്ഫോടനമുണ്ടായത്. പോലീസ് പറയുന്നതനുസരിച്ച്, മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനം റെഡ് സിഗ്നലിൽ നിർത്തിയെന്ന് ദൃക്‌സാക്ഷികളും പ്രതികരിച്ചു.
പൊട്ടിത്തെറിയെ തുടർന്ന് ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവ ഉൾപ്പെടെ നാല് കാറുകൾ അടക്കം 10 വാഹനങ്ങൾ കത്തിനശിച്ചു. കാറുകൾ പൂർണ്ണമായും കത്തിപ്പോയി. സ്ഫോടനത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്ഫോടനത്തിൽ ചാവേറായെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിൻ്റെ വസതികളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ഇപ്പോൾ പരിശോധന നടക്കുകയാണ്.
ഉമറിൻ്റെ കാശ്മീരിലെ വീട്ടിലെത്തിയ പോലീസ്, അദ്ദേഹത്തിൻ്റെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. അമ്മയുടെ ഡി.എൻ.എ. വിവരങ്ങൾ ഉപയോഗിച്ച് വാഹനമോടിച്ചിരുന്നത് ഉമർ തന്നെയാണോ എന്ന് ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. ഇയാൾ മുമ്പ് ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽഫല സർവകലാശാലയിലും എൻഐഎ പരിശോധനകൾ നടത്തുന്നുണ്ട്.
അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.



