അംരോഹ– പാമ്പ് കടിയേറ്റ 13-വയസ്സുകാരനെ ശാസ്ത്രീയ ചികിത്സയ്ക്ക് പകരം മന്ത്രവാദിയുടെ നിർദേശപ്രകാരം ഗംഗാനദിയിൽ കെട്ടിത്താഴ്ത്തി. 12 മണിക്കൂറോളം വെള്ളത്തിൽ മുക്കിവച്ചതിനെത്തുടർന്ന് കുട്ടിക്ക് ദാരുണാന്ത്യം. അന്ധവിശ്വാസത്തിന്റെ പേരിൽ നടന്ന ഈ ക്രൂരത ഉത്തർപ്രദേശിലെ അംരോഹയിലാണ് അരങ്ങേറിയത്.
കുട്ടിക്ക് പാമ്പ് കടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം മാതാപിതാക്കൾ സമീപത്തുള്ള ഒരു മന്ത്രവാദിയുടെ അടുത്തേക്കാണ് കൊണ്ടുപോയത്. പാമ്പുവിഷം ഇറങ്ങാൻ കുട്ടിയെ മുളകൊണ്ട് നിർമ്മിച്ച തട്ടിൽ കെട്ടിയിട്ട് ഗംഗാനദിയിലെ വെള്ളത്തിൽ മുക്കി വെക്കാനായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഇതനുസരിച്ച് കയറുകളുടെ സഹായത്തോടെ കുട്ടിയെ മണിക്കൂറുകളോളം പുഴവെള്ളത്തിൽ നിർത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കൈകാലുകൾ കെട്ടിയിട്ട നിലയിൽ 12 മണിക്കൂർ വെള്ളത്തിൽ കിടത്തിയ കുട്ടി പ്രതികരിക്കാതായതോടെയാണ് മാതാപിതാക്കൾക്ക് അപകടം ബോധ്യപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തെ തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള സമയം അതിക്രമിച്ചിരുന്നതായി ഹെൽത്ത് സെന്റർ ഇൻചാർജ് ഡോ. ശശാങ്ക് ചൗധരി പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ആദംപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് കോമൾ തോമർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
2024-ൽ ബുലന്ദ്‌ഷഹറിലും സമാനമായ രീതിയിൽ പാമ്പ് കടിയേറ്റ യുവാവിനെ ഗംഗാനദിയിൽ മുക്കി വെച്ച് മന്ത്രവാദം നടത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു



