പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കില്ലെന്ന് സംസ്ഥാനത്തെ പ്രമുഖ മുസ്ലിം സംഘടനകൾ. തലസ്ഥാനമായ പട്‌നയിൽ ഇന്ന് (മാർച്ച് 23) നടക്കാനിരുന്ന വിരുന്ന്, വഖഫ് ഭേദഗതി ബിൽ 2024-നെ നിതീഷ് കുമാർ പിന്തുണച്ചതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരിക്കുന്നത്. ജംഇയ്യത്തുൽ ഉലമ -എ-ഹിന്ദ് അടക്കമുള്ള സംഘടനകളാണ് ബഹിഷ്‌കരണം നടത്തുന്നത്.
ജംഇയ്യത്തിനു പുറമെ ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ്, ഇമാറാത്ത്-ഇ-ശരീഅത്ത്, ജമാഅത്തെ അഹ്ലെ ഹദീസ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ഖാന്കാ മുജീബിയ, ഖാന്കാ റഹ്മാനി എന്നിവയാണ് പട്ടികയിലുള്ളത്.
വഖഫ് ബില്ലിനെ പിന്തുണച്ചതിലൂടെ മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് നിതീഷ് സ്വീകരിച്ചതെന്ന് സംഘടനകൾ ആരോപിക്കുന്നു. ‘മതേതര ഭരണം വാഗ്ദാനം ചെയ്താണ് നിതീഷ് കുമാർ അധികാരത്തിലെത്തിയത്, എന്നാൽ ഈ ബില്ലിനോടുള്ള അദ്ദേഹത്തിന്റെ സമീപനം സമുദായത്തെ നിരാശപ്പെടുത്തിയിരിക്കുന്നു…’ ജംഇയ്യത്ത് നേതാവ് മൗലാന ഖാലിദ് റഷീദ് ഫിറംഗി മഹാലി പറഞ്ഞു. ഭേദഗതി ബിൽ വഖഫ് സ്വത്തുക്കളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും മുസ്ലിം സമുദായത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ കൂടുതൽ രൂക്ഷമാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിതീഷിന്റെ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയെ (ജെഡിയു) സമ്മർദത്തിലാക്കുന്ന ഈ നീക്കത്തെ പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) സ്വാഗതം ചെയ്തു. മുസ്ലിം സംഘടനകളുടെ ഈ തീരുമാനം ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്നതാണെന്ന് ആർ.ജെ.ഡി നേതാവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. എന്നാൽ, ഇഫ്താർ ബഹിഷ്‌കരണം പ്രതിപക്ഷ നാടകത്തിന്റെ ഭാഗമാണെന്ന് ജെ.ഡി.യു ആരോപിച്ചു.
2025-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം സംഘടനകളുടെ ഈ തീരുമാനം നിതീഷ് കുമാറിനെ പ്രതിസന്ധിയിലാക്കും എന്നാണ് കരുതുന്നത്. മുസ്ലിം വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത്, ഈ ബഹിഷ്‌കരണം ജെ.ഡി..യുവിന്റെ പിന്തുണയെ ബാധിക്കും.