ന്യൂഡൽഹി– വോട്ടുകൊള്ള ആരോപിച്ച് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി, സഞ്ജയ് റാവത്ത് തുടങ്ങിയ മുതിർന്ന എംപിമാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. എംപിമാർ അടക്കമുള്ളവരെ പോലീസ് ബസിൽ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു വ്യക്തി, ഒരു വോട്ട് എന്നതിന് വേണ്ടിയാണ് പോരാട്ടമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും ഭരണഘടനയെ രക്ഷിക്കാനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘അവർക്ക് സംസാരിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം… സത്യം രാജ്യത്തിന്റെ മുന്നിലാണ്,’ അദ്ദേഹം പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തതായി പോലീസ് ജോയിന്റ് കമ്മീഷണർ ദീപക് പുരോഹിത് സ്ഥിരീകരിച്ചു. ഇന്ത്യാ മുന്നണി നേതാക്കളെ അടുത്തുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ പ്രതിഷേധത്തിന് പ്രതിപക്ഷത്തിന് പോലീസ് അനുമതിയില്ലെന്നും 30 എംപിമാരുടെ ഒരു സംഘത്തിന് മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് ചെയ്ത് പരാതി സമർപ്പിക്കാൻ അനുമതിയുള്ളൂവെന്നും ദീപക് പുരോഹിത് പറഞ്ഞു.