ന്യൂദൽഹി- പാകിസ്ഥാനിൽ നിന്നുള്ള ഒരു ആണവ ഭീഷണിയും ഇന്ത്യ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രാജ്യത്തോട് നടത്തിയ അഭിസംബോധനയിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. തീവ്രവാദികൾക്കും പാകിസ്ഥാൻ ഭരണകൂടത്തിനും ഇടയിൽ നിലവിൽ ഒരു വ്യത്യാസവും കാണുന്നില്ല. തീവ്രവാദികളുടെ ശവസംസ്കാര ചടങ്ങുകളിൽ പാകിസ്ഥാൻ സൈനികരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് മോഡി ഇക്കാര്യം പറഞ്ഞത്. ഇത് യുദ്ധത്തിന്റെ യുഗമല്ല, അതുപോലെ ഭീകരവാദത്തിന്റെയും യുഗമല്ല. പാകിസ്ഥാന് രക്ഷപ്പെടണം എന്നുണ്ടെങ്കിൽ അവിടുത്തെ ഭീകരവാദ കേന്ദ്രങ്ങൾ എല്ലാം നിർത്തലാക്കണം.
പഹൽഗാമിൽ മതത്തിന്റെ പേരിൽ ഭീകരവാദികൾ ആളുകളെ കൊന്നൊടുക്കിയെന്നും എന്നാൽ ഇതിനെതിരെ രാജ്യം മുഴുവൻ ഒറ്റ സ്വരത്തിൽ സംസാരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. മെയ് ആറിനും ഏഴിനും പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തി. ഭീകര ക്യാമ്പുകളിൽ ഞങ്ങൾ കൃത്യമായ ആക്രമണം നടത്തി. അവിടെ അക്രമണം വരുമെന്ന് അവർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. നമ്മുടെ സേനകളെയും ഇന്റലിജൻസ് ഏജൻസികളെയും ശാസ്ത്രജ്ഞരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു എന്നു പറഞ്ഞാണ് മോഡി പ്രസംഗം തുടങ്ങിയത്.
ഭീകരതയും ചർച്ചയും ഒരുമിച്ച് നടക്കില്ല, ഭീകരതയും വ്യാപാരവും ഒരുമിച്ച് നടക്കില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല. പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് ശേഷം, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടാൻ തുടങ്ങി. മെയ് 10 ന് പാകിസ്ഥാൻ ഡി.ജി.എംഒമാർ ഞങ്ങളെ സമീപിച്ചു. അപ്പോഴേക്കും പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ നശിപ്പിച്ചു കഴിഞ്ഞിരുന്നു. പാകിസ്ഥാൻ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും സൈന്യത്തിനും നേരെയുള്ള ആക്രമണം മാത്രമാണ് ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഭാവിയിൽ പാക്കിസ്ഥാൻ എങ്ങിനെയായിരിക്കും ഇന്ത്യയോട് പെരുമാറുക എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് വിലയിരുത്തപ്പെടുക.
ഇന്ത്യൻ മിസൈലുകളും, ഡ്രോണുകളും ഭീകര ക്യാമ്പുകൾ ആക്രമിച്ചപ്പോൾ, തീവ്രവാദികൾ നടുങ്ങി. ബഹവൽപൂർ, മുരിദ്കെ എന്നിവ ആഗോള ഭീകര സർവകലാശാലകളാണ്. 9/11 മുതൽ ലണ്ടൻ ട്യൂബ് ബോംബിംഗ്, ഇന്ത്യയിലെ ഭീകരാക്രമണങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ സ്ഥലങ്ങളുമായി ബന്ധമുണ്ടായിരുന്നു. പാക്കിസ്ഥാന്റെ ഹൃദയഭൂമിയിലാണ് ഞങ്ങൾ ആക്രമണം നടത്തിയത്.
ഭീകര ക്യാമ്പുകളിൽ നടത്തിയ ആക്രമണങ്ങളിൽ പാകിസ്ഥാൻ നടുങ്ങി. നമ്മളുമായി സഹകരിക്കുന്നതിന് പകരം പാകിസ്ഥാൻ ഞങ്ങളെ ആക്രമിക്കാൻ തുടങ്ങി. അവർ ഞങ്ങളുടെ സ്കൂളുകൾ, കോളേജുകൾ, ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, സൈനിക സ്ഥാപനങ്ങൾ എന്നിവ ആക്രമിക്കാൻ തുടങ്ങി. പക്ഷേ പാകിസ്ഥാന്റെ സ്വത്തുക്കൾ ഞങ്ങൾ നശിപ്പിച്ചു. നൂറു ഭീകരരെയാണ് ഇന്ത്യ കൊലപ്പെടുത്തിയത്.