ന്യൂഡൽഹി – പഹൽഗാം ഭീകരാക്രമണത്തിൽ കനത്ത സുരക്ഷാ വീഴ്ച ഉണ്ടായെന്നും അക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പുപറയണമെന്നും മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മല്ലിക്. ദി വയറിന്റെ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് സത്യപാൽ മല്ലിക് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. കശ്മീരിൽ എന്താണ് നടക്കുന്നത് എന്ന കാര്യത്തിൽ അമിത് ഷായ്‌ക്കോ പ്രധാനമന്ത്രിക്കോ ഒരു അറിവുമില്ലെന്നും, സുരക്ഷ വിലയിരുത്താനുള്ള യോഗങ്ങളിൽ ഭക്ഷണം കഴിച്ച് പിരിയൽ അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘കശ്മീരിനെക്കുറിച്ച് യഥാർത്ഥ അറിവുണ്ടായിരുന്നെങ്കിൽ പഹൽഗാമിൽ നേരത്തെ തന്നെ സുരക്ഷ ഉറപ്പാക്കുമായിരുന്നു. കശ്മീർ സന്ദർശിക്കുന്ന എല്ലാവരും പോകുന്ന സ്ഥലമാണ് പഹൽഗാം. ആക്രമണം നടക്കുമ്പോൾ അവിടെ ഒരു ശിപായി പോലും ഉണ്ടായിരുന്നില്ല. രണ്ട് ശിപായികളെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ വെടിവെപ്പ് നടക്കുമായിരുന്നില്ല.’
‘കശ്മീരിന്റെ സുരക്ഷാ ചുമതല ഡൽഹിയുടെ ഉത്തരവാദിത്തമാണ്. ആക്രമണം ഉണ്ടായ ഉടനെ ലഫ്. ഗവർണർ രാജിവെക്കേണ്ടതായിരുന്നു. രാജിവെച്ചാൽ ഉത്തരവാദിത്തം തനിക്കുമേൽ വരും എന്നതു കൊണ്ടാവാം അദ്ദേഹം അതിന് മുതിരാതിരുന്നത്. ഈ സുരക്ഷാ വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ്യത്തോട് മാപ്പുപറയേണ്ടത് ഡൽഹിയിൽ ഉള്ളവരാണ്. പക്ഷേ, അവർ അത് ചെയ്യില്ല. കാരണം, അവർ നിർദയരായ മനുഷ്യരാണ്.’
‘ഈ ആക്രമണം നടന്ന ശേഷം സർവകക്ഷി യോഗം നടന്നപ്പോൾ പ്രധാനമന്ത്രി അതിൽ പങ്കെടുത്തതു പോലുമില്ല. ഉത്തരം നൽകേണ്ടി വരും എന്നതു കൊണ്ടാണ്. പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയേണ്ടതായിരുന്നു. അഹങ്കാരത്തിന്റെ അങ്ങേയറ്റമാണ് അദ്ദേഹം. ജനങ്ങളോട് മറുപടി പറയേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വേണ്ടത് ചെയ്യാം എന്നുമാണ് അദ്ദേഹം കരുതുന്നത്.’
‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രിയപ്പെട്ടവർക്കു മുന്നിലാണ് പലരും മരിച്ചു വീണത്. അതിന് കാരണമായ വീഴ്ചയെപ്പറ്റി രാജ്യത്തോട് പ്രധാനമന്ത്രി മാപ്പു പറയുന്നില്ലെങ്കിൽ പിന്നെ എന്തു പറയാനാണ്?’ – സത്യപാൽ മല്ലിക് പറഞ്ഞു.