ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായത്തിനായുള്ള കേരളത്തിന്റെ മാസങ്ങളായുള്ള ആവശ്യം അവഗണിക്കുന്നതിനിടെ ചൂരൽമല, മുണ്ടക്കൈ രക്ഷാപ്രവർത്തനത്തിന് ചെലവായതുൾപ്പെടെയുള്ള തുക തിരിച്ചുപിടിക്കാൻ കേന്ദ്ര നീക്കം.
2019-ൽ കേരളത്തിലുണ്ടായ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനങ്ങളിൽ എയർലിഫ്റ്റിന് ചെലവായ തുക അടക്കം കേരളം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേരളം 132 കോടി 62 ലക്ഷം രൂപ അടിയന്തരമായി തിരിച്ചടക്കണമെന്നാണ് കേന്ദ്രം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സഹായമുണ്ടാവാത്തതിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും മോഡി സർക്കാറിനെതിരേ കടുത്ത വിമർശവും പ്രതിഷേധവും തുടരുന്നതിനിടെയാണ് കേന്ദ്രം കേരളത്തിന്റെ കഴുത്തിന് പിടിച്ച് പണം ചോദിച്ചിരിക്കുന്നത്. വയനാട് ദുരന്തം നടന്ന് നാലര മാസമായിട്ടും യാതൊരു സാമ്പത്തിക സഹായവും കേരളത്തിനായി കേന്ദ്രം കനിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി അടക്കമുള്ളവർ വയനാട്ടിലെത്തി ദുരന്തത്തിന്റെ തീവ്രത നേരിട്ട് കണ്ടിട്ടും കേന്ദ്രത്തിന്റെ മനസ്സ് അലിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. പ്രളയകാലത്ത് അരിയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുവദിച്ച തുക തിരിച്ചുനൽകണമെന്ന് കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് പുതിയ കത്ത്.
വയനാട് ദുരന്തത്തിൽ ഏകദേശം 2300-ലേറെ കോടി രൂപ പുനരധിവാസത്തിന് വേണമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അടിയന്തരസഹായം ആവശ്യപ്പെട്ട കേരളം, ദുരന്തത്തെ എൽ3 പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു. ലോക്‌സഭയിലടക്കം ഇക്കാര്യത്തിൽ കേരള എം.പിമാർ യോജിച്ച് ശബ്ദം ഉയർത്തിയെങ്കിലും അതൊന്നും കണക്കിലെടുക്കാതെ, കണ്ണിൽ ചോരയില്ലാത്തവിധം തിരിച്ച് പണം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഒരു നാട് ഒന്നാകെ ഒലിച്ചു പോയിട്ടും യാതൊരു ദയയും മനുഷ്യത്വവും തൊട്ടു തീണ്ടാത്തവർ ഛർദ്ദിച്ചത് തിന്നുന്നതിന് സമാനമായ പ്രവർത്തനമാണിപ്പോൾ നടത്തുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശം.