ഗാന്ധിനഗർ– ഗുജറാത്തിൽ പാലം തകർന്ന് വീണ സംഭവത്തിൽ ഇരകൾക്ക് നഷ്ടപരിഹാര തുക വാഗ്ദാനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലം തകർന്ന് വീണ് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, അപകടത്തിൽ പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയുമാണ് പ്രധാനമന്ത്രി നഷ്ടപരിഹാര തുകയായി പ്രഖ്യാപിച്ചത്.
“ഗുജറാത്തിലെ, വഡോദര ജില്ലയിൽ പാലം തകർന്ന് വീണ് ജീവൻ നഷ്ടമായത് അത്യന്തം ദുഃഖകരമാണ്. ജീവൻ നഷ്ടമായവർക്ക് എന്റെ അനുശോചനം അറിയിക്കുന്നു.” പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. പാലം തകർന്ന് വീണ് ഒമ്പത് പേർക്ക് ജീവൻ നഷ്ടമാവുകയും ഒമ്പത് പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ട് ലോറിയും രണ്ട് വാനുകളും ഒരു ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ ആണ് അപകടത്തിൽ മഹിസാഗർ നദിയിലേക്ക് വീണത്.
ഗംഭീര പാലത്തിലെ ട്രാഫിക് ബ്ലോക്ക് പരിഗണിച്ച് പുതിയ പാലത്തിനായുള്ള നിർമ്മാണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് പാലം തകരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്രപട്ടേൽ എഞ്ചിനീയർമാരോടും പാലം രൂപകൽപ്പന ചെയ്തവരോടും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. 900 മീറ്റർ ദൈർഘ്യമുള്ള പാലം 1985 ൽ ആണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്. 2017 ൽ പാലത്തിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് ഹെവി വാഹനങ്ങൾക്ക് പാലത്തിലൂടെ സഞ്ചരിക്കാൻ ഉള്ള അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.