തിരുവനന്തപുരം– പാകിസ്താന് വേണ്ടി ചാരവൃത്തികേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അവർ വരുന്ന സമയത്ത് കുഴപ്പം പിടിച്ച ആളാണോ എന്ന് സർക്കാരിനോ ഏജൻസിക്കോ അറിയില്ല എന്നും കേരളം കുടാതെ അവർ വിവിധ സംസ്ഥാനങ്ങളിൽ പോയിട്ടുണ്ടെന്നും ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ചിത്രീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇത്തരം അനാവശ്യമായ വിവാദങ്ങൾ കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾ കേരളം ഒരു കുഴപ്പം പിടിച്ച സംസ്ഥാനമാണെന്ന ധാരണ ഉണ്ടാക്കാനിടയാക്കും. ബിജെപിയിലെ നേതാക്കൾ ജ്യോതി മൽഹോത്രയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പറഞ്ഞിട്ടുണ്ട്, എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ജ്യോതി മൽഹോത്ര പോയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട 41 പേരിൽ ഒരാളായിരുന്നു ജ്യോതി മൽഹോത്ര. 2024 ജനുവരി മുതൽ 2025 മേയ് വരെ പ്രമോഷന്റെ ഭാഗമായി കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, മൂന്നാർ, എന്നിവിടങ്ങളിലായി ജ്യോതി മൽഹോത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ യാത്ര ചെയ്തിരുന്നു. ഇത് വിവരാവകാശ വകുപ്പ് വഴി പുറത്തായപ്പോൾ, കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ചാരവൃത്തിക്ക് കൂട്ട് നിൽക്കുന്ന സർക്കാറാണ് കേരളത്തിൽ എന്ന അഭിപ്രായമുണ്ടോ എന്ന് മന്ത്രി മാധ്യമങ്ങളോടായി ചോദിച്ചിരുന്നു.