തിരുവന്തപുരം– പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്ലോഗറും ഇൻഫ്ലുവൻസറുമായ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് കേരള സർക്കാറിന്റെ ക്ഷണ സ്വീകരിച്ചെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ചാരവൃത്തിക്ക് വിളിച്ച് സൗകര്യം ചെയ്യുന്ന സർക്കാറാണോ കേരളത്തിലെന്ന അഭിപ്രായമുണ്ടോ നിങ്ങൾക്ക് എന്നാണ് സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് മന്ത്രി റിയാസ് ചോദിച്ചത്.
ബോധപൂർവ്വം നമ്മൾ കൊണ്ടുവരുമോ? ഇത്തരം പ്രചാരങ്ങളിൽ ഭയമില്ലെന്നും നമ്മൾ നല്ല ഉദ്ദേശത്തോടെയാമ് ചെയ്യുന്നത് എന്നും മന്ത്രി റിയാസ് പറഞ്ഞു. ചാരവൃത്തി നടത്തുന്നവരുമായി ചേർന്നുകൊണ്ട് അവരെ ഇവിടേക്ക് കൊണ്ടുവന്ന് എല്ലാ സൗകര്യവും ചെയ്തുകൊടുത്തെന്ന അഭിപ്രായമാണോ നിങ്ങൾക്ക് എന്നും ചാരവൃത്തിക്ക് വേണ്ടി വിളിച്ച് സൗകര്യം കൊടുക്കുന്ന മന്തിമാരോ സർക്കാറോ ആണോ കേരളത്തിലുള്ളതെന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യമപ്രവർത്തകരോടായി ചോദിച്ചു.
സമൂഹമാധ്യമങ്ങളിലെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായി ക്ഷണിച്ചത്. 41 പേരിൽ ഒരാളായിരുന്നു ജ്യോതി മൽഹോത്ര. ഇത് വിവരാവകാശ വകുപ്പ് വഴി പുറത്തായതോടെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. 2024 ജനുവരി മുതൽ 2025 മേയ് വരെ പ്രമോഷൻ നടത്തിയവരുടെ പട്ടികയിലാണ് ജ്യോതി മൽഹോത്രയും ഉൾപ്പെട്ടിട്ടുള്ളത്.
കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, മൂന്നാർ, എന്നിവിടങ്ങളിലായി ജ്യോതി മൽഹോത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ യാത്ര ചെയ്തത്.