ന്യൂദൽഹി: ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട് നാലു പേർ. സമാജ്വാദി പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച പുഷ്പേന്ദ്ര സരോജ്, പ്രിയ സരോജ്, ലോക് ജനശക്തി പാർട്ടി(എൽ.ജെ.പി)യുടെ ശാംഭവി ചൗധരി, കോൺഗ്രസിന്റെ സഞ്ജന ജാതവ് എന്നിവരാണ് പ്രായം കുറഞ്ഞ എം.പിമാർ. നാലുപേരും 25 വയസുകാരാണ്.
ശാംഭവി ചൗധരി
ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിലെ മന്ത്രി അശോക് ചൗധരിയുടെ മകളാണ് ശാംഭവി ചൗധരി.
സമസ്തിപൂർ നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ സണ്ണി ഹസാരിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. വിജയിച്ചു. മഹേശ്വര് ഹസാരിയുടെ മകനാണ് സണ്ണി ഹസാരി. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ എൻ.ഡി.എയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് ശാംഭവി ചൗധരി എന്ന് പ്രശംസിച്ചിരുന്നു.
സഞ്ജന ജാതവ്
രാജസ്ഥാനിലെ ഭരത്പൂർ മണ്ഡലത്തിൽ നിന്നാണ് സഞ്ജന ജാതവ് വിജയിച്ചത്. ബിജെപിയുടെ രാംസ്വരൂപ് കോലിയെ 51,983 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ 25കാരി പരാജയപ്പെടുത്തിയത്.
2023 ലെ അസംബി തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നുവെങ്കിലും ബിജെപിയുടെ രമേഷ് ഖേദിയോട് 409 വോട്ടുകൾക്ക് പരാജയപ്പെട്ടു. രാജസ്ഥാൻ പോലീസ് കോൺസ്റ്റബിളായ കപ്തൻ സിംഗിനെയാണ് സഞ്ജന വിവാഹം ചെയ്തത്.
പുഷ്പേന്ദ്ര, പ്രിയ സരോജ്
മുമ്പ് ബിജെപി കൈവശം വച്ചിരുന്ന കൗശാമ്പി പാർലമെൻ്റ് സീറ്റിലേക്ക് എസ്പി സ്ഥാനാർത്ഥിയായാണ് പുഷ്പേന്ദ്ര രാഷ്ട്രീയ യുദ്ധക്കളത്തിലെത്തിയത്. സിറ്റിംഗ് എംപി, ബി.ജെ.പിയിലെ വിനോദ് കുമാർ സോങ്കറിനെ 103,944 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയിച്ചത്. അഞ്ച് തവണ എംഎൽഎയും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ഇന്ദർജിത് സരോജിൻ്റെ മകനാണ് പുഷ്പേന്ദ്ര.
പ്രിയ സരോജ് 35,850 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മച്ച്ലിഷഹർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. സിറ്റിംഗ് ബിജെപി എം.പി ഭോലാനാഥിനെതിരെയാണ് അവർ മത്സരിച്ചത്. മൂന്ന് തവണ എംപിയായ തൂഫാനി സരോജിൻ്റെ മകളാണ് പ്രിയ.