ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന നാവിഗേഷന്‍ ആപ്പാണ് ഗൂഗ്ള്‍ മാപ്പ്. എന്നാല്‍ ഇതുകാരണം കുഴപ്പത്തിൽ ചാടിയവരും ഏറെയാണ്. ഗൂഗ്ള്‍ മാപ്പ് നോക്കി വഴി തെറ്റി അപകടങ്ങളിൽ പെട്ട നിരവധി വാർത്തകൾ നമ്മൾ വായിച്ചിട്ടുണ്ട്. ഗൂഗ്ള്‍ മാപ്പ് ഇന്ത്യക്ക് വേണ്ടി ഡിസൈന്‍ ചെയ്തത് അല്ലെന്നതാണ് പ്രധാന പ്രശ്‌നം. എന്നാൽ ഇനി ആ പ്രശ്നമുണ്ടാവില്ല.
ഗൂഗിൾ മാപ്പിന് വെല്ലുവിളിയായി ഇതാ ഇന്ത്യയുടെ നാവിഗേറ്റിംഗ് ആപ്പായ മാപ്പിൾസ് എത്തിയിരിക്കുകയാണ്. സോഹോയുടെ അരട്ടൈക്ക് ശേഷമാണ് മറ്റൊരു ഇന്ത്യന്‍ ആപ്പ് കൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇന്ത്യന്‍ കമ്പനിയായ മാപ്പ് മൈ ഇന്ത്യ വികസിപ്പിച്ച മാപ്പിംഗ്, നാവിഗേഷന്‍, ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് മാപ്പിള്‍സ്. ഗൂഗിൾ മാപ്പിനെക്കാളും ന്യൂതനമായ ഫീച്ചറുകളാണ് മാപ്പിള്‍സ് നൽകുന്നത്. ആപ്പ് കൂടുതൽ പ്രാദേശികവൽകൃതമായതിനാൽ ഇന്ത്യയിലുള്ളവർക്ക് ഉപയോഗിക്കാൻ ഗൂഗിൾ മാപ്പിനെക്കാളും എളുപ്പമാക്കുന്ന തരത്തിലാണ് മാപ്പിൾസ് നിർമിച്ചിട്ടുള്ളത്. ഗൂഗിൾ മാപ്പിൽ പലപ്പോഴും ഓവർബ്രിഡ്ജുകളും അണ്ടർപാസുകളും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. എന്നാൽ മാപ്പിൾസിൽ ഇവ ത്രീഡി രൂപത്തിലാണ് ലഭ്യമാക്കുന്നത്.
ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഡിസൈന്‍ ചെയ്ത ഡിജിറ്റല്‍ മാപ്പുകള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, തത്സമയ ട്രാഫിക്ക് അലര്‍ട്ടുകള്‍ എന്നിവയാണ് മാപ്പിള്‍സിന്റെ പ്രത്യേകത. മാപ്പിനോടൊപ്പം വോയിസ് സഹായവും മാപ്പിൾസ് നൽകും. കൂടാതെ സ്പീഡ് ലിമിറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍, അപകട മേഖലകളെക്കുറിച്ചുള്ള മുന്നറിയിപ്പ്, ട്രാഫിക്ക് സിഗ്നലുകള്‍, നിരീക്ഷണ ക്യാമറകളുടെ ലൊക്കേഷന്‍ എന്നിവയും ആപ്പില്‍ അറിയാൻ സാധിക്കും. ഇനി യാത്രക്ക് എത്ര രൂപ ചെലവാകുമെന്ന് മനസിലാക്കാനുള്ള ട്രിപ്പ് കാല്‍കുലേറ്ററും ഇതില്‍ ലഭ്യമാണ്. ഗൂഗിൾ പ്ലെയ്സ്റ്റോറിലും ആപ്പ് സ്റ്റോറിലും മാപ്പിൾസ് ലഭ്യമാണ്.
ഗൂഗിൾ മാപ്പിൽ നിന്നും വ്യത്യസ്തമായി മാപ്പിൾസ് ഡാറ്റയും ഉപയോക്തൃ വിവരങ്ങളും ഇന്ത്യയിൽ തന്നെയാണ് സൂക്ഷിക്കുന്നത്. ഇത് ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തും. ഇന്ത്യയിലുടനീളമുള്ള ട്രെയിനുകളുടെ നാവിഗേഷനും ഏകോപിപ്പിക്കാൻ മാപ്പിൽസുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.