ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പുർ സന്ദർശിക്കും. രാവിലെ ഡൽഹിയിൽനിന്നു പുറപ്പെട്ട് ആസാമിലെ സിയാച്ചറിൽ വിമാനമിറങ്ങുന്ന രാഹുൽ അവിടെനിന്നു മണിപ്പുരിലെ ജിരിബാമിലേക്ക് യാത്രതിരിക്കും.
ഇവിടത്തെ അഭയാർഥിക്യാന്പ് സന്ദർശിച്ചശേഷം ചുരാചന്ദ്പുർ, തുബോംഗ്, മൊയ്രാങ് തുടങ്ങിയ അഭയാർഥിക്യാന്പുകളും സന്ദർശിക്കും. അഭയാർഥികളെ കണ്ടശേഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തും. കലാപത്തിനിടെ രണ്ടുതവണ രാഹുൽ മണിപ്പുർ സന്ദർശിച്ചിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത് മണിപ്പുരിലെ ഇംഫാലിൽനിന്നായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം രാഹുൽ ബിജെപിയ്ക്കെതിരേ മണിപ്പുർ വിഷയം ശക്തമായി ഉയർത്തിയിരുന്നു.
പ്രതിപക്ഷനേതാവായതിനുശേഷവും മണിപ്പുർ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും രാഹുൽ മുൾമുനയിൽ നിർത്തി. ഇതോടെ രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ മണിപ്പുർ വിഷയത്തിൽ പ്രതികരണം നടത്താൻ പ്രധാനമന്ത്രി നിർബന്ധിതനായി.