ചണ്ഡിഗഡ് – വാങ്ങിയ മാങ്ങയുടെ പണം നൽകാതെ കടന്നുകളയാനുള്ള ശ്രമം ചെറുത്ത കച്ചവടക്കാരനെ കാറിനൊപ്പം 200 മീറ്ററോളം വലിച്ചിഴച്ചു. ഹരിയാനയിലെ അംബാല-ചണ്ഡിഗഡ് ഹൈവേയുടെ സർവീസ് റോഡിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. റോഡരികിൽ പഴക്കച്ചവടം ചെയ്യുന്ന സുഖ്ബീർ ആണ് സുസുക്കി ബ്രെസ്സ കാറിലെത്തിയ ആളുടെ ക്രൂരതക്ക് ഇരയായത്. സംഭവത്തിൽ സുഖ്ബീറിന്റെ കാലിന് പരിക്കേറ്റു സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെപ്പറ്റി സുഖ്ബീർ പറയുന്നതിങ്ങനെ: കാറിലെത്തിയ ആൾ ഉന്തുവണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന തന്നോട് വില ചോദിച്ചു. ഒരു കിലോ മാങ്ങയ്ക്ക് 480 ആണെന്ന് പറഞ്ഞു. വിലപേശലിനൊടുവിൽ 400 രൂപയ്ക്ക് നൽകാം എന്ന് സമ്മതിച്ചു. കാറുകാരൻ മൂന്നു കിലോ തൂക്കിയെടുക്കാൻ പറയുകയും കാറിൽ വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പണം ചോദിച്ചപ്പോൾ കാറുടമ പണം നൽകാതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സുഖ്ബീർ കാറിന്റെ ഡോറിൽ പിടിച്ചു വലിച്ചെങ്കിലും കാറിന്റെ വേഗത കൂടിയതോടെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴക്കപ്പെട്ടു. 200 മീറ്ററോളം വലിച്ചിഴക്കപ്പെട്ട സുഖ്ബീർ പിന്നീട് പിടിവിട്ട് റോഡിൽ വീണു. കാറുകാരൻ അംബാല ഭാഗത്തേക്ക് ഓടിച്ചുപോവുകയും ചെയ്തു.
“പത്ത് ലക്ഷം വിലയുള്ള കാറിൽ വന്നാണ് അയാൾ എന്നോട് 400 രൂപയ്ക്കു വേണ്ടി വിലപേശിയത്.’ – സുഖ്ബീർ പറയുന്നു.
കുറ്റവാളി സഞ്ചരിച്ച ചുവന്ന നിറത്തിലുള്ള സുസുക്കി ബ്രെസ്സയുടെ നമ്പർ സുഖ്ബീർ പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണമെന്നും പൊലീസ് അറിയിച്ചു.