കൊൽക്കത്ത– പശ്ചിമ ബംഗാളിൽ നിലവിൽ നടന്നുവരുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (SIR) നടപടികൾക്കെതിരെ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറെയും കക്ഷി ചേർത്താണ് ജനുവരി 28-ന് ഹർജി സമർപ്പിച്ചിരുന്നു. നിലവിലെ പരിഷ്കരണ നടപടികൾ സുതാര്യമല്ലെന്നും മാനുഷിക പരിഗണനകൾ ഇല്ലാത്തതാണെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.
ഇതിന് പിന്നാലെ വോട്ടർ പട്ടിക പുതുക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള രീതിക്ക് എതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മമത ബാനർജി ശനിയാഴ്ച വൈകുന്നേരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന് വീണ്ടും കത്തയച്ചു. എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദവും ബുദ്ധിമുട്ടുകളും കാരണം സംസ്ഥാനത്ത് ഇതുവരെ 140 പേർ മരിച്ചതായും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ ഈ നടപടി ജനങ്ങളെ കടുത്ത ദുരിതത്തിലേക്കും വേദനയിലേക്കുമാണ് തള്ളിവിടുന്നതെന്ന് അവർ ആരോപിച്ചു.
ജനപ്രാതിനിധ്യ നിയമത്തിന്റെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി പശ്ചിമ ബംഗാളിൽ മാത്രം 8,100 മൈക്രോ ഒബ്സർവർമാരെ വിന്യസിച്ചതിനെയും മമത വിമർശിച്ചു. മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത ഇവരെ ഏകപക്ഷീയമായാണ് നിയമിച്ചിരിക്കുന്നത്. ഇത് വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും വോട്ടർ പട്ടിക തിരുത്തലിനേക്കാൾ ഉപരിയായി ആളുകളെ പുറന്തള്ളാനാണ് കമ്മീഷൻ ശ്രമിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഇത്തരം ജനവിരുദ്ധ നീക്കങ്ങൾ അവസാനിപ്പിക്കാൻ സുപ്രീം കോടതി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം.



