മുംബൈ– നാല് വര്‍ഷമായി പുറത്തിറങ്ങാതെ ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഐ.ടി എഞ്ചിനീയറെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ വിഷാദരോഗിയായ ഇയാള്‍ നാല് വര്‍ഷമായി കസേരയിലാണ് ഇരിപ്പും കിടപ്പുമെല്ലാം. സന്നദ്ധ പ്രവര്‍ത്തകര്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെടുത്ത ഇയാള്‍ക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോലും പ്രയാസം നേരിടുന്നുണ്ട്. തിരുവനന്തുപരത്ത് കുടുംബവേരുകളുള്ള 55 വയസുകാരൻ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്.
ജുയിനഗര്‍ സെക്ടര്‍ 24 ഘര്‍കുല്‍ ഹൗസിങ് സൊസൈറ്റിയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങാന്‍ വേണ്ടി മാത്രമാണ് ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നിരുന്നത്. 2020ല്‍ അമ്മയും 2021ല്‍ അച്ഛനും മരിച്ചതോടെയാണ് ഒറ്റപ്പെട്ട അവസ്ഥയിലായത്. ഇയാളുടെ ജ്യേഷ്ഠന്‍ 20 വര്‍ഷം മുമ്പ് ജീവനൊടുക്കി. സ്വകാര്യ കമ്പനിയില്‍ കുറച്ചുകാലം കമ്പ്യൂട്ടര്‍ പ്രോഗാമറായി ജോലിചെയ്തിരുന്നു. മാതാപിതാക്കള്‍ മുമ്പ് നല്‍കിയ പണം കൊണ്ടാണ് ഇപ്പോള്‍ ജീവിതം കൊണ്ടുപോയിരുന്നത്. ഹൗസിങ് സൊസൈറ്റി ഭാരവാഹികളാണ് ബന്ധുക്കളെയും നെരുള്‍ ന്യൂബോംബെ കേരള സമാജം ഭാരവാഹികളെയും വിവരമറിയിച്ചത്. ഇപ്പോള്‍ നവിമുംബൈ എംജിഎം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.