മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായ മഹാരാഷ്ട്രയിലേയും ജാര്‍ഖണ്ഡിലേയും ഫല സാധ്യതകള്‍ പ്രവചിക്കുന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. ഫലം പ്രവചാനാതീതമെന്ന് വിലയിരുത്തപ്പെട്ട മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി ഭരണത്തിലേറുമെന്നാണ് ഭൂരിപക്ഷം ഏജന്‍സികളുടേയും പ്രവചനം. വ്യക്തമായ ഫലം പ്രതീക്ഷിക്കപ്പെട്ട ജാര്‍ഖണ്ഡില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയും കോണ്‍ഗ്രസ്, ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയും കനത്ത പോരാട്ടം കാഴ്ചവെക്കുമെന്നും ഇരുകൂട്ടര്‍ക്കും ഏതാണ്ട് തുല്യസാധ്യയാണെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.
മഹാരാഷ്ട്ര
എക്‌സിറ്റ് പോള്‍ നടത്തിയ ഒമ്പത് ഏജന്‍സികളിള്‍ നാലെണ്ണം പ്രവചിച്ചത് മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ബിജെപി-എന്‍സിപി (അജിത് പവാര്‍) മുന്നണി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നാണ്. മൂന്ന് ഏജന്‍സികള്‍ തൂക്കുസഭ വരുമെന്ന് പ്രവചിക്കുന്നു. രണ്ട് ഏജന്‍സികള്‍ വ്യക്തമായ ഫലം പ്രവചിക്കുന്നില്ല.
മഹാരാഷ്ട്രയില്‍ ബിജെപി മുന്നണിയായ മഹായുതി 150 സീറ്റുകളും പ്രതിപക്ഷമായ കോണ്‍ഗ്രസ്-ശിവ സേന (ഉദ്ധവ് താക്കറെ)- എന്‍സിപി (ശരത് പവാര്‍) മഹാ വികാസ് അഘാഡി മുന്നണി 125 സീറ്റുകളും നേടുമെന്നാണ് പ്രവചനം. 288 നിയമസഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഹരിയാന തിരഞ്ഞെടുപ്പ് കാലത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ അനുഭവത്തില്‍ വിലയിരുത്തിയാല്‍ ഈ പ്രവചനങ്ങള്‍ പിഴക്കാനും സാധ്യതയുണ്ട്. ഇത്തവണ പീപ്പില്‍സ് പള്‍സ്, മാട്രൈസ്, ചാണക്യ സ്റ്റാട്രജീസ്, ടൈംസ് നൗ ജെവിസി എന്നീ ഏജന്‍സികളാണ് ബിജെപി മുന്നണിയുടെ വിജയം പ്രവചിച്ചിരിക്കുന്നത്. ദൈനിക് ഭാസ്‌കര്‍, ലോക്ശാഹി മറാഠി രുദ്ര, ഇലക്ട്രല്‍ എജ്ഡ് എന്നിവരുടെ പ്രചനം നേര്‍വിപരീതമാണ്.
പ്രധാന ശക്തികളായ എന്‍സിപിയിലേയും ശിവ സേനയിലേയും പിളര്‍പ്പും കൂറുമാറ്റവുമടക്കം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വളരെ സങ്കീര്‍ണമായ രാഷ്ട്രീയ മാറ്റങ്ങളിലൂടെ കടന്നു പോയ മഹാരാഷ്ട്രയില്‍ വ്യക്തമായ ഫലം പ്രവചിക്കുക ഏളുപ്പമല്ല എന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലങ്ങളില്‍ പ്രതിപക്ഷത്തുള്ള ശിവ സേനയ്ക്കും എന്‍സിപിക്കും അനുകൂലമായിരുന്നു വോട്ടര്‍മാരുടെ വികാരം. എന്നാല്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി വിവിധ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച ബിജെപി മുന്നണി സര്‍ക്കാരിന്റെ നീക്കം വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും തമ്മില്‍ കനത്ത പോരാട്ടം നടക്കും. എന്‍ഡിഎ 39 സീറ്റും ഇന്ത്യാ മുന്നണി 38 സീറ്റും നേടുമെന്നാണ് പ്രവചനം. ഭരണം ലഭിക്കാന്‍ വേണ്ടത് 41 സീറ്റുകളാണ്.
എന്‍ഡിഎ 45-50 സീറ്റുകള്‍ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസും, 44-53 സീറ്റുകള്‍ നേടുമെന്ന് പീപ്പിള്‍സ് പള്‍സും, 40-44 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ ജെവിസിയും പ്രവചിക്കുന്നു. 30-40 സീറ്റുകളാണ് ഭരണകക്ഷിയായ ഇന്ത്യാ മുന്നണിക്ക് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ ആക്‌സിസ് മൈ ഇന്ത്യ, ഇലക്ട്രല്‍ എഡ്ജ് എന്നീ ഏജന്‍സികള്‍ ഇന്ത്യ മുന്നണിക്ക് വിജയസാധ്യത പ്രവചിക്കുന്നു. ദൈനിക് ഭാസ്‌കര്‍, പി മാര്‍ക്ക് എന്നിവരുടെ പ്രവചനം തൂക്കു സഭ വരുമെന്നാണ്.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് എടുത്തു നോക്കിയാലും ഇരു മുന്നണികളും വാശിയേറിയ മത്സരമാണ് കാവ്ചവെച്ചതെന്നു കാണാം. ജെഎംഎം 30 സീറ്റും ബിജെപി 25 സീറ്റും നേടി. ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് 47 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണയും അധികാരം നിലനിര്‍ത്താനാകുമെന്നാണ് ഈ സഖ്യത്തിന്റെ പ്രതീക്ഷ. വനിതകള്‍ക്ക് അടക്കമുള്ള ക്ഷേമ പദ്ധതികളും മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അറസ്റ്റിനെതിരെ ഉയര്‍ന്ന ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധവും ബിജെപിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു. 2019ലും ഗോത്രവിഭാഗങ്ങള്‍ ബിജെപിക്കെതിരായാണ് വോട്ട് ചെയ്തത്.