ലക്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ ഒഴുകിയെത്തിയതോടെ പ്രയാഗ്രാജില്‍ വന്‍ ഗതാഗതക്കുരുക്ക്. രണ്ട് ദിവസത്തിലേറെയായി ഗതാഗതകുരുക്ക് തുടരുന്നത്.ത്രിവേണി സംഗമത്തിലേക്കു എത്താനാകാതെ പലരും വഴിയില്‍ കുടുങ്ങിയതായാണു റിപ്പോര്‍ട്ട്. ആള്‍ത്തിരക്ക് കൂടിയതിനാല്‍ വെള്ളിയാഴ്ച വരെ പ്രയാഗ്‌രാജ് സംഗം റെയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടു. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
സംഗം റോഡില്‍ ഒച്ചിഴയും വേഗത്തിലാണു നൂറുകണക്കിനു വാഹനങ്ങള്‍ നീങ്ങുന്നത്. പ്രയാഗ്രാജിലേക്കു പോകുന്നവരുടെ വാഹനനിര 200 മുതല്‍ 300 കിലോമീറ്റര്‍ വരെ നീളമുള്ള ഗതാഗതക്കുരുക്കായെന്നും മുന്നോട്ടു പോകാനാകുന്നില്ലെന്നും മധ്യപ്രദേശിലെ മൈഹര്‍ പൊലീസ് പറഞ്ഞു. പ്രയാഗ്രാജിലേക്ക് എത്താന്‍ 24 മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടി വന്നെന്നു ഫരീദാബാദില്‍ നിന്നുള്ളവര്‍ പരാതിപ്പെട്ടു. 4 കിലോമീറ്റര്‍ പിന്നിടാന്‍ മണിക്കൂറുകളോളം വേണ്ടിവന്നെന്നു ജയ്പുരില്‍നിന്നുള്ള കുടുംബം പറഞ്ഞു. ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടെന്നും പരാതികളുയര്‍ന്നു.
മധ്യപ്രദേശിലെ കട്നി ജില്ലയില്‍ പൊലീസ് വാഹനങ്ങള്‍ ഗതാഗതം തിങ്കളാഴ്ച വരെ നിര്‍ത്തി വയ്ക്കുന്നതായി അറിയിപ്പ് നല്‍കുന്ന സാഹചര്യവും ഉണ്ടായി. ജബല്‍പൂര്‍ മേഖലയിലേക്ക് തിരിച്ച് പോയി വാഹനങ്ങള്‍ അവിടെ കാത്തിരിക്കാനാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയത്.
ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26നാണ് മഹാകുംഭമേള അവസാനമാകുന്നത്. ഇതിനിടയില്‍ രണ്ട് പ്രധാന ദിവസങ്ങള്‍ കൂടിയാണുള്ളത്. ഫെബ്രുവരി 12 ന് മാംഗി പൂര്‍ണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങള്‍.
സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ജനുവരി 13ന് മഹാകുംഭമേള ആരംഭിച്ചതു മുതല്‍ ഇതുവരെ 43 കോടി ഭക്തരാണു സ്‌നാനത്തിനായി എത്തിയത്.