ന്യൂദൽഹി- രാജ്യത്തെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ഇടതുവിദ്യാർഥി സംഘടനക്ക് വൻ വിജയം. ആകെയുള്ള നാലു സീറ്റുകളിലും ഇടതുവിദ്യാർഥി യൂണിയൻ വൻ വിജയം സ്വന്തമാക്കി. ആർ.എസ്.എസ് പിന്തുണയുള്ള എ.ബി.വി.പിക്കെതിരെ വൻ വിജയമാണ് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി യൂണിയനുകൾ സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ എ.ബി.വി.പിയുടെ മുന്നേറ്റമാണ് പ്രതിഫലിച്ചിരുന്നത്. എന്നാൽ അവസാനം ആയപ്പോഴേക്കും എ.ബി.വി.പിക്ക് അടിപതറി.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുണൈറ്റഡ് ലെഫ്റ്റ് സ്ഥാനാർത്ഥി ധനഞ്ജയ് (3,100) എ.ബി.വി.പി സ്ഥാനാർത്ഥി ഉമേഷ് ചന്ദ്ര അജ്മീരയെ (2,118) 982 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ജെ.എൻ.യു.എസ്.യു വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അവിജിത് ഘോഷ് എ.ബി.വി.പി സ്ഥാനാർഥി ദീപിക ശർമയെ (1,848) പരാജയപ്പെടുത്തി. ഘോഷിന് 2,762 വോട്ടുകൾ ലഭിച്ചു. യുണൈറ്റഡ് ലെഫ്റ്റ് പിന്തുണച്ച ബി.എ.പി.എസ് സ്ഥാനാർത്ഥി പ്രിയാൻഷി ആര്യയാണ് ജനറൽ സെക്രട്ടറി സ്ഥാനം നേടിയത്. എ.ബി.വി.പിയുടെ അർജുൻ ആനന്ദിനെ (2,412) 1,592 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെടുത്തിയത്. യുണൈറ്റഡ് ലെഫ്റ്റിന്റെ മുഹമ്മദ് സാജിദ് (3,035) എ.ബി.വി.പിയുടെ ഗോവിന്ദ് ഡാങ്കിയെ (2,592) പരാജയപ്പെടുത്തി ജോയിന്റ് സെക്രട്ടറി സ്ഥാനം നേടി.
27 വർഷത്തിന് ശേഷം ഇതാദ്യമായാണ് ദലിത് വിഭാഗത്തിലെ ഒരു വിദ്യാർത്ഥി ജെ.എൻ.യു.എസ്.യു പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ധനഞ്ജയ് സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ഈസ്‌തെറ്റിക്‌സിൽ നിന്നുള്ള പി.എച്ച്.ഡി വിദ്യാർത്ഥിയാണ്. ബീഹാറിലെ ഗയ സ്വദേശിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ആകെ 73% പോളിംഗ് രേഖപ്പെടുത്തി.
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയിൽ നിന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഫർഹീൻ സെയ്ദിയും പ്രസിഡന്റ് സ്ഥാനത്തേക്ക് ജുനൈദ് റാസയും മത്സരിച്ചിരുന്നു.
ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എ.ഐ.എസ്.എ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (ഡി.എസ്.എഫ്), സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ), ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എ.ഐ.എസ്.എഫ്) എന്നിവ ഉൾപ്പെടുന്നതതാണ് ഇടതുവിദ്യാർത്ഥി യൂണിയൻ.