ന്യൂദൽഹി- വിനയ് നർവാളിന്റെ ചേതനയറ്റ ശരീരം വഹിച്ച ശവമഞ്ചത്തിന് അടുത്തുനിന്ന് ഹിമാൻഷി നർവാൾ ഏറെ നേരം പൊട്ടിക്കരഞ്ഞു. പ്രിയപ്പെട്ടവന്റെ അടുത്തിരുന്ന് ഹിമാൻഷി വിതുമ്പിക്കരഞ്ഞു. വാക്കുകളിടറി ഹിമാൻഷി ഇങ്ങിനെ പറഞ്ഞു. “അവന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾ എല്ലാ വിധത്തിലും അവനെ അഭിമാനിപ്പിക്കും,” ശവമഞ്ചം കെട്ടിപ്പിടിച്ച് കരഞ്ഞ് ഹിമാൻഷി പിന്നെയും കരഞ്ഞു.
“അവന്റെ കാരണത്താലാണ് ലോകം ഇപ്പോഴും നിലനിൽക്കുന്നത്. നാം എല്ലാവരും എല്ലാ വിധത്തിലും അവനെയോർത്ത് അഭിമാനിക്കണം… എല്ലാ വിധത്തിലും,” ഹിമാൻഷി പറഞ്ഞു,
ശവപ്പെട്ടിക്ക് മുകളിൽ സൈനിക ഉദ്യോഗസ്ഥനായ വിനയ് നർവാളിന്റെ തൊപ്പി വെച്ചിരുന്നു. അതിന് മുന്നിൽ ആദരസൂചകമായി വീണ്ടും വീണ്ടും കുനിഞ്ഞ് ഹിമാൻഷി നിർത്താതെ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടിരുന്നു. പിന്നീട് കുടുംബാംഗങ്ങൾ ഹിമാൻഷിയെ അവിടെ നിന്നു കൊണ്ടുപോയി. കുറച്ചു ദൂരം നടന്ന ശേഷം തിരിഞ്ഞുനിന്ന് കണ്ണീർ തുടച്ച് പ്രിയപ്പെട്ട വിനയിന് സല്യൂട്ട് ചെയ്തു. ജയ് ഹിന്ദ് എന്ന് ഉറക്കെ വിളിച്ചു.
അഞ്ചു ദിവസം മുമ്പാണ് ഹിമാൻഷിയും വിനയ് നർവാളും വിവാഹിതരായത്. ഹണിമൂൺ ആഘോഷിക്കാനായിരുന്നു ഹിമാൻഷിയും വിനയ് നർവാളും പഹൽഗാമിലേക്ക് പോയത്. 26 വയസ്സുള്ള ഹരിയാനയിലെ കർനാലിൽ നിന്നുള്ള ലെഫ്റ്റനന്റ് വിനയ് നർവാൾ, ഏപ്രിൽ 16–നാണ് ഹിമാൻഷിയെ വിവാഹം കഴിച്ചത്. മൂന്ന് ദിവസത്തിന് ശേഷമായിരുന്നു സൽക്കാരം. തിങ്കളാഴ്ച ദമ്പതികൾ കാശ്മീരിലേക്ക് യാത്ര തിരിച്ചു. അടുത്ത ദിവസം, പഹാൽഗാമിനടുത്തുള്ള മനോഹരമായ ബൈസരനിലേക്ക് പോയി. ചുറ്റുമുള്ള കട്ടിയുള്ള വനങ്ങൾക്കിടയിലെ അതിമനോഹരമായ കാഴ്ചകൾ കാരണം ‘മിനി സ്വിറ്റ്സർലൻഡ്’ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ‘ബേൽപുരി’ (പൊരിച്ച അരിയിൽ നിന്നുള്ള ഒരു ലഘുഭക്ഷണം) കഴിക്കുന്നതിനിടെയാണ് ഭീകരൻ ലെഫ്റ്റനന്റ് നർവാളിന്റെ തലയിൽ വെടിയുതിർത്തത്. ഹിമാൻഷിയുടെ മുഖത്ത് രക്തം തെറിച്ചു. വിനയ് നർവാളിന്റെയും ഹിമാൻഷിയുടെയും ചിത്രങ്ങൾ ഇപ്പോഴും ഏവരെയും കരയിപ്പിച്ചുകൊണ്ടിരിക്കുന്നു. രണ്ട് വർഷം മുമ്പ് നാവികസേനയിൽ ചേർന്ന നവിൻ നർവാളിന്റെ ആദ്യ നിയമനം കൊച്ചിയിലായിരുന്നു.