ബംഗളൂരു∙ കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ പത്തു പേരിൽ ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തതായി ഉത്തര കന്നഡ ഡപ്യൂട്ടി കമ്മിഷണർ ആൻഡ് ജില്ലാ മജിസ്ട്രേറ്റ് ലക്ഷ്മിപ്രിയ പറഞ്ഞു. മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതിൽ 5 പേർ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കടയുടമ ലക്ഷ്മൺ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകൻ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.
ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളിൽ ഒരാളുടെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേർ ഡ്രൈവർമാരാണ് എന്നാണ് സൂചന. ഇതിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.



