മുൻ പ്രതിരോധ മന്ത്രിയും സോഷ്യലിസ്റ്റ് ട്രേഡ് യൂണിയൻ നേതാവുമായ ജോർജ്ജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ ഫെർണാണ്ടസ് (85) അന്തരിച്ചു. കുറച്ചുനാളായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അവർ. ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ എന്നതിനപ്പുറം, അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടായി അന്താരാഷ്ട്ര പ്രവർത്തക കൂടിയായിരുന്നു അവർ. രണ്ട് പതിറ്റാണ്ടിലേറെയായി പഞ്ചശീല്‍ പാർക്കിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു അവർ. 2009 ൽ അൽഷിമേഴ്‌സ് ബാധിച്ച ജോർജിനെ തന്റെ മകനോടൊപ്പം പരിപാലിക്കുകയും തീവ്രമായ വൈദ്യസഹായം നൽകി ഒരു ദശാബ്ദക്കാലം അദ്ദേഹത്തെ ജീവനോടെ നിലനിർത്തുകയും ചെയ്തു.
ഫെർണാണ്ടസുമായി മഞ്ചേരിയിലെ മധുവിധുക്കാലം
അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ, ഇന്ദിരയുടെ സ്വേച്ഛാവാഴ്ച ക്കെതിരായുള്ള പോരാട്ടത്തിന്റെ കനലുകൾ ജ്വലിപ്പിച്ച സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസിനോടൊപ്പം ഒളിവിലും തെളിവിലും സമര മുഖം തീർത്ത നായികയെയാണ് ലൈല ഫെർണാണ്ടസിന്റെ വിയോഗത്തിലൂടെ ചരിത്രത്തിലേക്ക് തിരോഭവിച്ചത്. പശ്ചിമ ബംഗാളിലെ കവിയും എഴുത്തുകാരനും ദേശീയ വാദിയുമായിരുന്ന മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ഹുമയൂൺ കബീറിന്റെ ഈ മകൾ ഏറെക്കാലം കാനഡയിൽ ആയിരുന്നു. ജോർജ് ഫെർണാണ്ടസുമായി പ്രണയത്തിൽ ആവുകയും ദൽഹിയിലെത്തി വിവാഹിതയാവുകയും ചെയ്തു. മംഗലാപുരത്തുകാരനായ ഫെർണാണ്ടസും ബംഗാളിയായ ലൈലയും മധുവിധു ആഘോഷിക്കാൻ മഞ്ചേരിയിലെത്തിയ ഓർമ അവിടത്തെ സോഷ്യലിസ്റ്റ് നേതാവ് അഡ്വ. തോമസ് ബാബുവിന് അയവിറക്കാനുണ്ട്.
തോമസ് ബാബു അന്ന് ചെറുപ്പമാണ്. ഫെർണാണ്ടസ് ഇവരുടെ കുടുംബ സുഹൃത്ത്. നവ ദമ്പതിമാരെ കുറച്ചു നാൾ മഞ്ചേരിയിലും പിന്നീട് ഒരാഴ്ച എം. പി വീരേന്ദ്ര കുമാറിന്റെ വയനാട് പുളിയാർമല എസ്റ്റേറ്റ് ബംഗ്ലാവിലും താമസിപ്പിച്ചപ്പോൾ അവർക്ക് അകമ്പടി പോയത് തോമസ് ബാബുവായിരുന്നു.

ലൈല കാനഡയിൽ ആകുമ്പോഴാണ് അടിയന്തരാവസ്ഥയെ തുടർന്ന് ഭർത്താവ് അറസ്റ്റിൽ ആകുന്നത്. ഒന്നര വയസ്സുള്ള കുഞ്ഞുമായി ഡൽഹിയിൽ എത്തിയ അവർ സമരം നയിച്ചു. മുന്നണി മാറി ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയാകുമ്പോഴും അഴിമതി ആരോപണത്തിന്റെ നിഴലിൽ ആകുമ്പോഴും അടിയുറച്ച് ഒപ്പം നിന്ന ജീവിത സഖി കൂടിയായിരുന്നു ലൈല. പാലക്കാട്ട് കുടുംബ വേരുകൾ ഉള്ള ജയാജയ്റ്റ് ലി ഫെർണാണ്ടസിന്റെ ജീവിതത്തിലേക്ക് വരുമ്പോഴും ലൈലയുടെ മനസ്സ് ഇടറിയില്ല. അവസാന കാലത്ത് അൽഷിമേഴ്‌സ് ഫെർണാണ്ടസിനെ അന്ത്യം വരെ അലട്ടിയപ്പോഴും ലൈലയാണ് പരിചരിച്ചത്.