നാഗ്പുർ- പുരുഷന്മാരെ വശീകരിച്ച് വ്യാജ വിവാഹം ചെയ്ത് ലക്ഷകണക്കിന് രൂപ തട്ടിയെടുത്ത വ്യാജ വധുവിനെ പോലീസ് പിടികൂടി. എട്ടു പുരുഷന്മാരെ ഒന്നിന് പിറകെ മറ്റൊന്നായി വിവാഹം ചെയ്ത യുവതി ഒൻപതാമത്തെ വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് പിടിയിലായത്. സമീറ ഫാത്തിമ എന്ന യുവതിയാണ് പിടിയിലായത്. ഒൻപതാമത്തെ പുരുഷനെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് ഇവർ പോലീസിന്റെ വലയിലായത്. ഇവർ തന്റെ ഭർത്താക്കന്മാരെ ബ്ലാക് മെയിൽ ചെയ്യുകയും അവരിൽനിന്ന് പണം തട്ടുകയും ചെയ്തിരുന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പ് നടത്തുന്നതിനായി യുവതിക്ക് പുറമേ നിന്നുള്ള സഹായവും ലഭിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ സമീറ ഫാത്തിമ അധ്യാപികയാണെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ 15 വർഷമായി മുസ്ലീം സമുദായത്തിലെ സമ്പന്നരും വിവാഹിതരുമായ പുരുഷന്മാരെ ലക്ഷ്യമിട്ട് ഇവർ നിരവധി തട്ടിപ്പ് നടത്തിയതായും അധികൃതർ സംശയിക്കുന്നു. ഇരയായ ഒരാളിൽ നിന്ന് 50 ലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് 15 ലക്ഷം രൂപ പണമായും ബാങ്ക് ട്രാൻസ്ഫർ വഴിയും അവർ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. റിസർവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും അവർ ഇതേ രീതിയിൽ പെരുമാറിയിട്ടുണ്ട്.
വിവാഹ വെബ്‌സൈറ്റുകളും ഫേസ്ബുക്കും ഉപയോഗിച്ച് ഇരകളെ തിരിച്ചറിയുകയും വശീകരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പതിവ്. ഫേസ്ബുക്കും വാട്ട്‌സ്ആപ്പും വഴി ഇരകളുമായി തന്റെ ജീവിതത്തെക്കുറിച്ചുള്ള വൈകാരിക കഥകൾ പങ്കുവെക്കുകയാണ് ഇവരുടെ പതിവ്. വിവാഹമോചിതയായ തനിക്ക് കുട്ടിയുണ്ടെന്ന് അവകാശപ്പെട്ട്, സഹതാപവും വിശ്വാസവും നേടിയെടുക്കാനും ശ്രമിച്ചു. ജൂലൈ 29 ന്, നാഗ്പൂരിലെ ഒരു ചായക്കടയിൽ വെച്ചാണ് ഇവർ പിടിയിലായത്.