ന്യൂദല്‍ഹി. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അമിതമായ ജോലിസമ്മര്‍ദ്ദം കാരണം ആരോഗ്യം ക്ഷയിച്ച് മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവം വലിയ ചര്‍ച്ചയായതോടെ കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. അന്നയുടെ മരണം അതീവ ദുഃഖകരമാണെന്നും സുരക്ഷിതമല്ലാത്ത തൊഴില്‍ അന്തരീക്ഷത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ശോഭ കരന്ദലജെ അറിയിച്ചു. സംഭവത്തില്‍ നീതി ഉറപ്പാക്കുമെന്നും ഇതു സംബന്ധിച്ച പരാതി തൊഴില്‍ മന്ത്രാലയം പരിഗണനയ്‌ക്കെടുത്തിട്ടുണ്ടെന്നും മ്ന്ത്രി പറഞ്ഞു.
ബഹുരാഷ്ട്ര കണ്‍സല്‍ട്ടന്‍സി കമ്പനിയായ ഇ.വൈയില്‍ (ഏണസ്റ്റ് ആന്റ് യങ്) ചാര്‍ട്ടേഡ് അക്കൗന്റായി പൂനെയില്‍ ജോലി ചെയ്യുകയായിരുന്ന കൊച്ചി സ്വദേശിനി 26കാരിയായ അന്ന സെബാസ്റ്റ്യന്റെ അകാല മരണത്തിലേക്ക് നയിച്ച തൊഴില്‍ അന്തരീക്ഷത്തേയും ജോലി സമ്മര്‍ദ്ദത്തേയും കുറിച്ച് അമ്മ കമ്പനി മേധാവിക്ക് കത്തെഴുതിയിരുന്നു. ഈ കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇതര മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഇതു വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് നടപടിയുമായി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയത്.
അമ്മയുടെ കത്തിനു പിന്നാലെ പ്രതികരണവുമായി ഇ.വൈയും രംഗത്തെത്തിയിരുന്നു. അന്നയുടെ മരണം ദുഃഖകരമാണെന്നും ആരോഗ്യകരമായ തൊഴിലിടം ഉറപ്പാക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ഇ.വൈ പ്രതികരിച്ചു. രാത്രിയും പകലുമില്ലാതെ ഭക്ഷണത്തിനും ഉറങ്ങാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി മണിക്കൂറുകളോളും നിരന്തരം അന്നയെ മേലുദ്യോഗസ്ഥ നിരന്തരം ജോലി ചെയ്യിപ്പിച്ചിരുന്നതായി അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു.
Read More > ജോലിസമ്മര്‍ദ്ദം കാരണം മലയാളി യുവതി മരിച്ചു; കമ്പനി തിരിഞ്ഞു നോക്കിയില്ല; ഇ.വൈ മേധാവിക്ക് അമ്മയുടെ കത്ത്
ആദ്യമായി ലഭിച്ച ജോലിയില്‍ നാലു മാസം മാത്രമാണ് അന്നയ്ക്ക് തുടരാനായത്. അപ്പോഴേക്കും മരണം സംഭവിച്ചു. മരണാനന്തര ചടങ്ങില്‍ കമ്പനിയില്‍ നിന്ന് ഒരാള്‍ പോലും പങ്കെടുത്തില്ലെന്നും അമ്മ എഴുതിയ കത്തില്‍ പറഞ്ഞിരുന്നു. ഈ കത്ത് വൈറലായതോടെ ഇ.വൈയിലെ മറ്റു ജോലിക്കാരും അവരുടെ ദുരനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.