ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് സിഥിരീകരിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ടി.ഡി.പി വക്താവ് അനം വെങ്കട രമണ റെഡ്ഡിയാണ് ഇക്കാര്യം വിശദീകരിക്കുന്ന ലാബ് റിപ്പോർട്ട് പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരം ലഡു നിർമ്മിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണസമയത്ത് തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. മത്സ്യ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവ ലഡു ഉണ്ടാക്കാൻ ഉപയോഗിച്ചതായും ലാബ് റിപ്പോർട്ടിലുണ്ട്. ശുദ്ധമായ നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്. പുതിയ സർക്കാർ വന്ന ശേഷം ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണത്തിന് മറുപടിയുമായി വൈഎസ്ആർസിപി രംഗത്തെത്തി. രാഷ്ട്രീയ നേട്ടത്തിനായി ടിഡിപി മേധാവി ആരോപണം ഉന്നയിക്കുകയാണെന്ന് വൈഎസ്ആർസിപിയുടെ മുതിർന്ന നേതാവ് വൈ സുബ്ബ റെഡ്ഡി പറഞ്ഞു. ‘നായിഡുവിന്റെ പരാമർശം ക്ഷേത്രത്തിന്റെ പരിശുദ്ധിക്കും പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും കോട്ടം വരുത്തി. തിരുമല പ്രസാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്. ആരും ഇത്തരം വാക്കുകൾ പറയുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ല’- സുബ്ബ റെഡ്ഡി എക്സിൽ കുറിച്ചു.
ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പ്രസിദ്ധമായ തിരുപ്പതി ലഡ്ഡൂകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി പറയുന്നുണ്ട്. വൈഎസ്ആർസിപി അധികാരത്തിലിരുന്ന സമയത്താണ് ഈ നെയ്യ് ഉപയോഗിച്ചത്.
തിരുപ്പതി ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ കൊണ്ടാണ് ഉണ്ടാക്കിയതെന്നും അവർ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും കഴിഞ്ഞ ദിവസം അമരാവതിയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. തിരുപ്പതിയിൽ പ്രതിദിനം മൂന്ന് ലക്ഷം ലഡുകൾ നിർമ്മിക്കപ്പെടുന്നുണ്ട്. ഇവ നിർമ്മിക്കുന്നതിനായി ക്ഷേത്ര ട്രസ്റ്റ് ആറുമാസം കൂടുമ്പോൾ ഇ-ടെൻഡർ വഴിയാണ് നെയ്യ് വാങ്ങുന്നത്.